ഈരാറ്റുപേട്ട : അന്താരാഷ്ട്ര നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയ ഈരാറ്റുപേട്ട - പൂഞ്ഞാർ റോഡിൽ അപകടം പതിയിരിക്കുന്നു. ഇക്കഴിഞ്ഞ 22 ന് മന്ത്രി ജി.സുധാകരനാണ് റോഡ് ഉദ്ഘാടനം ചെയ്തത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിന്റെ സംഗമസ്ഥാനത്ത് പി.ഡബ്ല്യു.ഡി റോഡിന് വരച്ചിട്ടുള്ള ലൈനോട് ചേർന്ന് തൊട്ടടുത്ത കുളിക്കടവിന് സമീപമുണ്ടായിരുന്ന സംരക്ഷഭിത്തി അപ്രത്യക്ഷമായതാണ് അപകടഭീഷണി ഉയർത്തുന്നത്. കണ്ണൊന്ന് തെറ്റിയാൽ 20 അടി താഴ്ചയുള്ള വൻകുഴിയിലേക്കാണ് വാഹനം വീഴുന്നത്. പതിറ്റാണ്ടുകളായി ഇവിടെ സംരക്ഷണ ഭിത്തിയും കലുങ്കുമുണ്ടായിരുന്നു. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ഇത് പൊളിച്ചു നീക്കിയത്. അടിയന്തിരമായി ഇത് പുനർനിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പൗരസമിതി രൂപീകരിച്ച് സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.