പാലാ : ഒരു പതിറ്റാണ്ടിനു ശേഷം പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പുന:രാരംഭിക്കും. ഇതിനുള്ള സൗകര്യങ്ങൾ ആശുപത്രിയുടെ പിന്നിലായുള്ള മോർച്ചറിയുടെ ഒരു ഭാഗത്ത് ഒരുക്കി. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിന് റഫർ ചെയ്യുകയായിരുന്നു പതിവ്. ഫോറൻസിക് സർജന്റെ സേവനം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ കൊലപാതകമോ ദുരൂഹമരണമോ ഒഴികെയുള്ള മൃതദേഹങ്ങളെ ഇവിടെ പോസ്റ്റുമോർട്ടം നടത്താൻ കഴിയൂ. ഇത്തരത്തിൽ ഒരു മാസം ശരാശരി അഞ്ച് കേസുകൾ വരെ ജനറൽ ആശുപത്രിയിലെത്താറുണ്ട്. മെഡിക്കൽ കോളേജിലേക്ക് അയക്കുന്നതിനാൽ ബന്ധപ്പെട്ട ആളുകൾക്ക് ഏറെ ബുദ്ധിമുട്ടും സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു.