പാലാ : അടിയന്തിര കൗൺസിൽ യോഗം ചേർന്ന് കൊറോണ പ്രതിരോധ നടപടികൾക്ക് പാലാ നഗരസഭ തുടക്കം കുറിച്ചു. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, ടൗൺ ബസ് സ്റ്റാൻഡ്, കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ യാത്രക്കാർക്ക് കൈകഴുകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. നഗരത്തിലുടനീളം ബോധവത്കരണ സ്റ്റിക്കർ ബോർഡുകൾ പ്രദർശിപ്പിച്ചു. സപ്ലൈ ഓഫീസർ ഭക്ഷ്യമാർക്കറ്റിൽ അവശ്യ സാധനങ്ങൾ ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരോഗ്യവകുപ്പ്, മാദ്ധ്യമ പ്രവർത്തകർ, സപ്ലൈ ഓഫീസർ, പൊലീസ്, വ്യാപാരികൾ എന്നിവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകും. 12 പേർ വിദേശത്ത് നിന്ന് നഗരസഭാ പരിധിയിൽ എത്തിയിട്ടുണ്ടെന്നും അവരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ജന.ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജു സി.മാത്യു പറഞ്ഞു. മാസ്‌ക് ധരിക്കുന്നതിനേക്കാൾ കൂടുതൽ പ്രതിരോധം കൈകൾക്കാണ് വേണ്ടത്. 20 സെക്കന്റ് എങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. പൊതുസ്ഥലത്ത് എവിടെപ്പോയി വന്നാലും കൈകഴുകണമെന്നും അവർ പറഞ്ഞു. നഗരസഭ ചെയർപേഴ്‌സൺ മേരി ഡൊമിനിക്, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം, പൊലീസ്, റവന്യൂ അധികൃതർ, മാദ്ധ്യമപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

ക്യൂ നിൽക്കാതെ ഡോക്ടറെ കാണാം

ജനറൽ ആശുപത്രിയിൽ വിദേശത്തു നിന്ന് വരുന്നവർക്കും കൊറോണ സംശയമുള്ളവർക്കും ക്യൂ നിൽക്കാതെ ഡോക്ടറെ കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗം ബാധിച്ചിട്ടുള്ള വിവരം സ്വമനസാലെ റിപ്പോർട്ട് ചെയ്യാത്തവർ ആശ വർക്കർമാരുടെ സഹായത്തോടെ അവരെ തിരിച്ചറിയുന്നതിനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് ജന.ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

നഗരസഭ പാർക്ക് അടയ്ക്കും
വയോമിത്രത്തിന്റെ ക്യാമ്പുകൾ പ്രവർത്തിക്കില്ല. ആശാ പ്രവർത്തകരെ ഉപയോഗിച്ച് മരുന്ന് വീടുകളിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. എയർപോർട്ടിൽ പോകുന്ന വഴികൾ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. നഗരസഭാ പാർക്ക് അടയ്ക്കും. ടാക്‌സ് പിരിവ് അനൗൺസ്‌മെന്റ് വേണ്ടെന്ന് വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ അറിയിച്ചു. വ്യാപാരസ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തുന്നതിനും റേഷൻകടകളിൽ കൈ കഴുകുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തുമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു. സ്റ്റിക്കറുകൾ ഓട്ടോറിക്ഷകളിൽ പ്രദർശിപ്പിക്കും. വാർഡുകളിൽ കൊറോണ മുൻകരുതൽ നടപടികൾക്കുള്ള നോട്ടീസ് വിതരണം ചെയ്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിന് ആശാ വർക്കർമാരെ നിയമിക്കുന്നതിനും അവർക്ക് വാർഡ് ഒന്നിന് 2000/രൂപാ നിരക്കിൽ ആനുകൂല്യം നൽകുന്നതിനും തീരുമാനിച്ചു.