കോട്ടയം: കൊറോണ ഭീതിയിൽ ജനം നെട്ടോട്ടമോടുമ്പോൾ സാനിറ്റൈസറും മാസ്‌കും വിറ്റ് കൊള്ളലാഭം ഉണ്ടാക്കിനിറങ്ങിയവർക്ക് തടയിടാൻ സി.എം.എസ് കോളേജ് രസതന്ത്ര വിഭാഗം. പൊതുജനങ്ങൾക്കായി കുറഞ്ഞ ചെലവിൽ ഹാൻഡ് സാനിറ്റൈസർ നിർമ്മിക്കുകയാണ് അദ്ധ്യാപകരും വിദ്യാ‌ർത്ഥികളും ചേർന്ന്.

രസതന്ത്രവിഭാഗം ഹെഡ് പ്രൊഫ. അജിതാ ചാണ്ടി, പ്രൊഫസർമാരായ ബെസ്സി വർക്കി, ഷിനു പീറ്റർ, എന്നിവരുടെ നേതൃത്വത്തിൽ മറ്റ് അദ്ധ്യാപകരും ലബോറട്ടറി ജീവനക്കാരും വിദ്യാർത്ഥികളും ചേർന്നാണ് സാനിറ്റൈസർ നിർമ്മിക്കുന്നത്. ഐസോ പ്രൊപ്പൈൽ ആൽക്കഹോൾ അല്ലെങ്കിൽ ഈഥൈൽ ആൽക്കഹോൾ , ഗ്ലിസറോൾ, പെറോക്‌സൈഡ്, തിളപ്പിച്ചാറിച്ച വെള്ളം എന്നിവയാണ് ചേരുവകൾ. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശമനുസരിച്ചുള്ള ഗുണനിലവാരത്തിലാണ് നിർമ്മാണം. സർക്കാർ സഹായം ലഭിക്കുകയാണെങ്കിൽ ഇതിലും കുറഞ്ഞ ചെലവിൽ വിതരണം ചെയ്യാമെന്ന് അദ്ധ്യാപകർ പറയുന്നു.