അടിമാലി: മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ വിമർശിച്ച് മന്ത്രി എം എം മണി.സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് ഉദ്യോഗസ്ഥർ വരുത്തുന്ന കാലതാമസമാണ് പദ്ധതി നടത്തിപ്പ് വൈകാൻ കാരണമെന്ന്മന്ത്രി പറഞ്ഞു.കല്ലാർമാങ്കുളം റോഡിന്റെ നിർമ്മാണോദ്ഘാടന വേളയിലായിരുന്നു മാങ്കുളം ജലവൈദ്യുതി പദ്ധതി സംബന്ധിച്ച് മന്ത്രി പരാമർശം നടത്തിയത്.കാര്യങ്ങൾ ചെയ്യണമെന്ന് താൽപര്യമില്ലാത്ത ഉദ്യോഗസ്ഥൻമാർ വന്നാൽ സാങ്കേതികത്വം പറഞ്ഞ് പ്രശ്നങ്ങൾ വൈകിപ്പിക്കുന്ന നിലയുണ്ട്.മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ കാര്യത്തിലും ഈ സാങ്കേതികത്വമാണ് പ്രശ്നം.വൈദ്യുതി വകുപ്പ് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതി നടത്തിപ്പുമായി മുമ്പോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.പദ്ധതി നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നതായും ഇത് സംബന്ധിച്ച പേപ്പറുകൾ റവന്യുവകുപ്പ് വഴി നീക്കണമെന്ന നിർദ്ദേശം ലഭിച്ചതിനാൽ കാര്യങ്ങൾ അത്തരത്തിൽ മുമ്പോട്ട് പോകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.മാങ്കുളം ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കൽ പോലും പൂർണ്ണമായി പൂർത്തീകരിക്കാത്തതിനെതിരെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ഇക്കാര്യത്തിൽ മന്ത്രിയുടെ വിശദീകരണമുണ്ടായത്.