വൈക്കം: കൊറോണ ഭീതിയിൽ ക്ഷേത്ര നഗരിയും മൂകം. താലൂക്ക് ആസ്ഥാനം കൂടിയായ നഗര ഹൃദയത്തിൽ കഴിഞ്ഞ രണ്ടുദിവസമായി പതിവ് ആൾത്തിരക്കില്ല.
മഹാദേവ ക്ഷേത്രത്തിലെ പ്രാതലിനടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പ്രാതൽ സദ്യ വർഷത്തിൽ ഒരു ദിവസം പോലും മുടങ്ങാറില്ല.
പ്രാതൽ വഴിപാട് നടത്തുന്ന ഭക്തർ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരമാവധി കുറച്ച് ചടങ്ങ് മാത്രമായി നടത്തണമെന്നും തൊട്ടടുത്ത ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചവർ അത് നീട്ടിവയ്ക്കണമെന്നും നിർദേശമുണ്ട്. പ്രാതൽ സദ്യക്ക് പുറമേ വൈക്കത്തപ്പൻ അന്നദാന ട്രസ്റ്റിന്റെ നേതൃത്വത്തിൽ ദിവസേന നടന്നു വരുന്ന അന്നദാനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. അത്താഴ കഞ്ഞിയുൾപ്പടെയുള്ള വഴിപാടുകൾക്കും ഇത് ബാധകമാണ്. കാലാക്കൽ ക്ഷേത്രത്തിലും വടക്കേനട കൃഷ്ണൻ കോവിലിലും നിയന്ത്രണമുണ്ട്. കച്ചവട സ്ഥാപനങ്ങളിലും ഹോട്ടലുകളിലുമെല്ലാം തിരക്ക് കുറവാണ്. അതേസമയം കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാനായി മാസ്‌ക് ധരിച്ചു നടക്കുന്നവരെ നഗരത്തിൽ അങ്ങനെ കാണാനില്ല.

 വിളക്ക് പൂജയ്ക്ക് നിയന്ത്രണം

ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിൽ വിളക്ക് പൂജയ്ക്ക് ദേവസ്വം നിന്ത്രണമേർപ്പെടുത്തി. നൂറുകണക്കിനാളുകളാണ് വ്യാഴാഴ്ചകളിൽ നടന്നുവരുന്ന വിളക്ക് പൂജയിൽ പങ്കെടുക്കുക. ഇന്ന് ഭക്തജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിളക്ക് പൂജ ഉണ്ടായിരിക്കില്ല എന്ന് ഓംകാരേശ്വരം ദേവസ്വം പ്രസിഡന്റ് പി.വി.ബിനേഷും സെക്രട്ടറി കെ.വി.പ്രസന്നനും അറിയിച്ചു. ഫോണിലൂടെയോ നേരിട്ടോ പേര് നൽകുന്നവർക്ക് വേണ്ടി ദേവസ്വം നിയോഗിക്കുന്ന പ്രവർത്തകർ വിളക്ക് കത്തിക്കും. പൊതു പ്രാർത്ഥനയോ മറ്റ് ചടങ്ങുകളോ നടത്തില്ല. കോറോണ വ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മറിച്ചുള്ള സർക്കാർ നിർദ്ദേശം വരുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരും.

 വേണ്ടത് ജാഗ്രത

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള പ്രവർത്തനങ്ങൾ നഗരസഭാ പ്രദേശത്ത് ഊർജ്ജിതമാക്കി. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യം വൈക്കത്തില്ല. അതേ സമയം ജാഗ്രത പുലർത്തുകയും വേണം. വിദേശത്ത് നിന്നോ കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നോ ആരെങ്കിലും എത്തിയാൽ ഉടൻ തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അറിയിക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ സ്വീകരിക്കേണ്ട കരുതൽ നിർദ്ദേശങ്ങളുമായി നഗരസഭയുടെ ആരോഗ്യ പ്രവർത്തകർ ഇന്ന് 26 വാർഡുകളിലേയും മുഴുവൻ വീടുകളും സന്ദർശിക്കും. ലഘുലേഖകൾ വിതരണം ചെയ്യും. മുൻകരുതൽ നടപടികൾ നഗരസഭ അന്നന്ന് യോഗം ചേർന്ന് വിലയിരുത്തുന്നുണ്ട്. പൊതുപരിപാടികൾ ഒഴിവാക്കണം. ആശുപത്രി പോലുള്ള പൊതു സ്ഥലങ്ങൾ അനാവശ്യമായി സന്ദർശിക്കരുത് -- ബിജു വി.കണ്ണേഴത്ത്,​ നഗരസഭ ചെയർമാൻ