തലയോലപ്പറമ്പ്: വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ചതായി പരാതി. തലയോലപ്പറമ്പ് വടകര കോളനിയിൽ പുതുശ്ശേരി റോയിയുടെ പൾസർ ബൈക്കാണ് ബുധനാഴ്ച പുലർച്ചെ കത്തിനശിച്ചത്. പുലർച്ചെ 2 മണിയോടെ വീടിന് പുറത്ത് ശബ്ദം കേട്ട് ഉണർന്ന റോയിയുടെ ഭാര്യ ധനുജ പുറത്തേയ്ക്കു നോക്കിയപ്പോഴാണ് തീ ആളുന്നത് കണ്ടത്. ഉടൻ റോയിയെ വിളിച്ചുണർത്തുകയായിരുന്നു. ഉടൻ വെള്ളമൊഴിച്ചു തീ കെടുത്തിയെങ്കിലും ബൈക്ക് ഉപയോഗിക്കാനാവാത്ത വിധം കത്തി നശിച്ചിരുന്നു. അടുത്ത കാലത്തായി വടകരയിൽ സാമൂഹ്യ വിരുദ്ധ ശല്യം വർദ്ധിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. ഏതാനും ദിവസം മുമ്പ് വടകര സ്വദേശിയായ സ്ത്രീയെ പ്രദേശവാസികളായ ഏതാനും യുവാക്കൾ അസഭ്യം പറഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടു യുവാക്കളും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായതായും പിന്നീട് നാട്ടുകാർ ഒപ്പിട്ട പരാതി പൊലിസിന് നൽകാനിരിക്കുന്ന സമയത്താണ് പരാതിയിൽ ഒപ്പിട്ട റോയിയുടെ ബൈക്ക് കത്തിനശിച്ചതെന്നുമാണ് ആരോപണം. വടകര സെറ്റിൽമെന്റ് കോളനിക്ക് സമീപം കഞ്ചാവ് മാഫിയായുടെ കേന്ദ്രമായിമാറിയിരിക്കുകയാണെന്നും ഇവരുടെ ശല്യം കാരണം സന്ധ്യ മയങ്ങിയാൽ പുറത്തിറങ്ങാൻ പോലും സാധിക്കില്ലെന്നും പ്രദേശവാസികൾ പറയുന്നു.