കോട്ടയം : ജില്ലയിൽ ബി.ജെ.പി.യെ ഇനി അഡ്വ. നോബിൾ മാത്യു നയിക്കും. ബി.ജെ.പി ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കുന്നതിനിടെയാണ് ജില്ലയുടെ അമരക്കാരനായി ഇദ്ദേഹം എത്തുന്നത്. കാഞ്ഞിരപ്പള്ളി മണ്ണംപ്ലാക്കൽ മാത്യുവിന്റെയും അച്ചാമ്മയുടെയും മകനായി 1962 ൽ ജനിച്ച നോബിൾ മാത്യു കേരള ഹൈക്കോടതിയിൽ സീനിയർ ഗവ. പ്ലീഡർ, പബ്ലിക് പ്രോസിക്യൂട്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് യൂണിയൻ ചെയർമാൻ, എം.ജി.സർവകലാശാല യൂണിയൻ കൗൺസിലർ, കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തംഗം, കാഞ്ഞിരപ്പള്ളി വില്ലേജ് യൂത്ത് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിലർ സെക്രട്ടറി, കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ നിർവാഹകസമിതിയംഗം, സിറോ മലബാർ സഭയുടെ പ്രത്യേക നിയമനിർമാണ സമിതിയംഗമായും പ്രവർത്തിച്ചു. ഈ അനുഭവ സമ്പത്ത് ജില്ലയിൽ ബി.ജെ. പിയുടെ വളർച്ചയ്ക്ക് സഹായിക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന്റെ സന്തോഷത്തിന്റെയും ആവേശത്തിന്റെയും തൊട്ടുമ്പുള്ള നിമിഷങ്ങളിലാണ് അഡ്വ.നോബിൾ മാത്യു ഫ്ളാഷിനോട് മനസുതുറന്നത്...

പുതിയ ചുമതല ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ?

ആദ്യ ഉത്തരവാദിത്വം പഞ്ചായത്ത് തിരഞ്ഞെടുപ്പാണ്. ജില്ലയിൽ പാർട്ടിക്ക് വലിയൊരു മുന്നേറ്റം ഉണ്ടാക്കുക എന്ന ലക്‌ഷ്യത്തിനായി വിപുലമായ കർമ്മ പരിപാടികളാണ് ആവിഷ്കരിക്കാൻ പോകുന്നത്. ഇത്തവണ മുഴുവൻ വാർഡുകളിലും താമര ചിഹ്നത്തിൽ സ്ഥാനാർത്ഥികൾ മത്സരിക്കും. തുടർന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തു നിന്ന് ബി. ജെ. പിക്ക് ഒരു എം. എൽ. എ ഉണ്ടാകും. ജനങ്ങൾക്കിടയിലെ ബി.ജെ.പി വിരുദ്ധ പ്രചാരണങ്ങളുടെ മുനയൊടിച്ച് കൊണ്ട് ജനങ്ങൾക്കിടയിൽ ഇറങ്ങി ചെന്നുള്ള പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്.

ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ

പാർട്ടി എത്ര മാത്രം വിജയിച്ചു?

ന്യൂന പക്ഷ മോർച്ചയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ആളാണ് ഞാൻ. മുസ്‌ലിംലീഗ്, കേരള കോൺഗ്രസ്സ് എന്നിവരൊക്കെ ചെയ്യുന്നതിനേക്കാൾ പരിപാടികൾ ന്യൂന പക്ഷണങ്ങൾക്കായി ഞങ്ങൾ ചെയ്യുന്നുണ്ട്. മുസ്ലിം, ക്രിസ്ത്യ വിഭാഗങ്ങളിലെ കാൽ ലക്ഷത്തോളം പേർ മിസ്ഡ് കാൾ സംവിധാനം ഉപയോഗിച്ച് ബി.ജെ.പി യിൽ ചേർന്നിട്ടുണ്ട്. എന്നാൽ, പലരും ഭയം കാരണം പുറത്തു പറയുന്നില്ലെന്ന് മാത്രം. ബി.ജെ.പി യിൽ അംഗത്വമെടുത്താൽ പള്ളിയിൽ നിന്ന് വിലക്കുകയും മതപരമായ ചടങ്ങുകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഇതിനെല്ലാം വൈകാതെ മാറ്റമുണ്ടാകും.

സ്ഥാനത്തെച്ചൊല്ലി പാർട്ടിക്കുള്ളിൽ

തന്നെ അമർഷം ഉണ്ടോ?

തികച്ചും വാസ്തവ വിരുദ്ധമായ കാര്യമാണ്. എല്ലാവരുടെയും പിന്തുണ ഇക്കാര്യത്തിൽ തനിക്കുണ്ട്. ന്യൂനപക്ഷ മോർച്ച അധ്യക്ഷൻ എന്ന നിലയിൽ എല്ലാവരുമായി നല്ല ബന്ധമാണുള്ളത്. ഇത് ജില്ലാ അധ്യക്ഷനായി പ്രവർത്തിക്കുമ്പോഴും തനിക്ക് ഗുണം ചെയ്യും.

സ്വന്തം പാർട്ടി പിരിച്ചു വിട്ടിട്ടാണല്ലോ

ബി.ജെ.പി യിൽ ചേർന്നത് ?

2014 മാർച്ചിലാണ് എട്ടാമത്തെ കേരള കോൺഗ്രസ് ഞാൻ രൂപീകരിക്കുന്നത്. കെ. എം. ജോർജ് സാർ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ ഉണ്ടായിരുന്ന നയത്തിൽ നിന്ന് ഇപ്പോൾ പൂർണമായും വഴിമാറി പോയി. കർഷകർക്ക് വേണ്ടി രൂപീകരിച്ച പാർട്ടി ഇപ്പോൾ സീറോ മലബാർ സഭയ്ക്ക് വേണ്ടിയുള്ള പാർട്ടി എന്ന രീതിയിലേക്ക് ചുരുങ്ങിപ്പോയി. വലിയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്ന പാർട്ടി ഇപ്പോൾ പല ഗ്രൂപ്പുകളിലായി വിഘടിച്ച് നിൽക്കുകയാണ്. നേതാവ് മരിച്ചാൽ അദ്ദേഹത്തിന്റെ മകൻ അടുത്ത നേതാവ് എന്നതാണ് രീതി. പാർട്ടിക്ക് വേണ്ടി എന്തെങ്കിലും ചെയ്തവർ ഒരു പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല. ആവാൻ ഇവർ സമ്മതിക്കില്ല എന്നതാണ് സത്യം.

കർഷകർ നേരിടുന്ന തിരിച്ചടി കേന്ദ്രത്തിന്റെ

ശ്രദ്ധയിൽ പെടുത്തേണ്ടതല്ലേ ?

കൈവെള്ളയിലും ആത്മാവിലും തഴമ്പുള്ള കർഷകർ ഇന്ന് വലിയ രീതിയിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ജില്ലയിലെ കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി സെമിനാറുകൾ സംഘടിപ്പിക്കും. അതിൽ കേന്ദ്രമന്ത്രിമാർ ഉൾപ്പടെ പങ്കെടുക്കും. റബർ കർഷകരുടെ പ്രശ്നങ്ങൾ അടിയന്തിരമായി കേന്ദ്ര സർക്കാരിനെ അറിയിക്കും. കേന്ദ്ര സർക്കാരിൽ നിന്ന് 6000 രൂപ വാങ്ങിച്ച കർഷകരെ കളിയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. തരിശു നിലങ്ങൾ കൃഷി യോഗ്യമാക്കും എന്ന് വെറുതെ പറയുന്നതല്ലാതെ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല.