പൊൻകുന്നം : കാലപ്പഴക്കംകൊണ്ട് ജീർണിച്ച കുറെ കെട്ടിടങ്ങൾ. പലതും മേൽക്കൂര തകർന്ന് നനഞ്ഞൊലിക്കുന്ന അവസ്ഥയിൽ. പരിസരമാകെ കാട് വളർന്ന് ഇഴജന്തുക്കളുടേയും തെരുവ് നായ്ക്കളുടേയും വിഹാരകേന്ദ്രം. വീടുകളിലേക്കുള്ള വഴിയിൽ വെളിച്ചമില്ല. റോഡിനിരുവശങ്ങളിലും തുരുമ്പെടുത്ത കുറെ വാഹനങ്ങൾ. ഭാർഗവീനിലയത്തിന് സമാനമാണ് പൊൻകുന്നം പൊലീസ് ക്വാർട്ടേഴ്‌സ്.
പൊലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കാനായി പതിറ്റാണ്ടുകൾക്ക് മുമ്പ് പണികഴിപ്പിച്ചതാണ് 25 ഓളം വീടുകൾ. വാസയോഗ്യമല്ലാത്തതിനാൽ പലതും അടഞ്ഞുകിടക്കുന്നു. അന്നത്തെ കാലത്ത് രാജകീയ ഭവനങ്ങളായിരുന്നു. രണ്ടുകുടുംബങ്ങൾക്കുള്ള ഇരട്ടവീടുകളും ഒറ്റവീടുകളുമുണ്ട്. കാലം മാറിയതിന്റെ പുരോഗതി നാട്ടിലാകെ ദൃശ്യമാണ്. ലക്ഷംവീട് കോളനികളിൽ പോലും വീടുകളുടെ രൂപവും ഭാവവും മാറി. സൗകര്യങ്ങളും വർദ്ധിച്ചു. എന്നാൽ പൊലീസ് ക്വാർട്ടേഴ്‌സിലെ വീടുകൾക്കുമാത്രം ഒരു മാറ്റവുമില്ല. നനഞ്ഞൊലിക്കുന്ന വീടുകൾക്ക് മുകളിൽ പടുത വിരിച്ച് താമസക്കാർ തന്നെ താത്കാലിക പരിഹാരം കാണുകയാണ്. വയറിംഗ് തകർന്ന് കിടക്കുന്നു. ആധുനിക ഉപകരണങ്ങളൊന്നും പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങളില്ല.
ഏഴേക്കർ സ്ഥലം, രാത്രിയിൽ വിജനം
വഴിവിളക്കുകളില്ലാത്തതിനാൽ രാത്രിയായാൽ കൂരിരുട്ടാണ്. ഇതിനിടെയാണ് തൊണ്ടിമുതലായി പിടിച്ചെടുത്ത തുരുമ്പിച്ച കുറെ വാഹനങ്ങൾ. ഇരുചക്രവാഹനങ്ങൾ മുതൽ ലോറിവരെയുണ്ട്. സർക്കാർ വക ഏഴേക്കറോളം വരുന്ന ഭൂമിയിലാണ് പൊലീസ് ക്വാർട്ടേഴ്‌സ് സ്ഥിതിചെയ്യുന്നത്. തൊട്ടടുത്താണ് പൊലീസ് സ്റ്റേഷനും സബ്ജയിലും.
മിനി സിവിൽ സ്റ്റേഷനും ഡിവൈ.എസ്.പി.ഓഫീസും പ്രൈവറ്റ് ബസ് സ്റ്റാൻഡുമൊക്കെയാണ് അയൽക്കാർ. പക്ഷേ സന്ധ്യ കഴിഞ്ഞാൽ ക്വാർട്ടേഴ്‌സിന്റെ പരിസരം വിജനമാണ്. സാമൂഹ്യവിരുദ്ധരുടെ ഒളിത്താവളമാണ് സബ്ജയിൽ റോഡ്. ഡിവൈ.എസ്.പി.ഓഫീസ് എത്തുകയും പൊലീസിന്റെ നിരീക്ഷണം ശക്തമാക്കുകയും ചെയ്തതിനാൽ ശല്യം തെല്ലൊന്ന് കുറഞ്ഞിട്ടുണ്ട്.
ഫ്ലാറ്റ് നിർമ്മിക്കണമെന്ന്
വെറുതെ കാടുപിടിച്ചുകിടക്കുന്ന കുറെ സ്ഥലങ്ങളുണ്ട് കോമ്പൗണ്ടിൽ. ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കി ആധുനിക രീതിയിൽ ഫ്‌ളാറ്റ് സമുച്ചയം പണിയണമെന്ന നിർദ്ദേശമാണ് അതാതുകാലങ്ങളിൽ വരുന്ന ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കുന്നത്. നാട്ടുകാർക്കും ഇതാണ് അഭിപ്രായം. ഇത് ആര് നടപ്പിലാക്കും എന്നതാണ് ചോദ്യം.
1.വീടുകൾക്ക് മുകളിൽ പടുത വിരിച്ചിരിക്കുന്നു
2.ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധ ശല്യം
3.പല വീടുകളും അടഞ്ഞു കിടക്കുന്നു
ആകെ വീടുകൾ : 25