ചങ്ങനാശേരി: വഴിനീളെ കുഴൽക്കിണറുകളുണ്ടെങ്കിലും കുറിച്ചി ഗ്രാമപഞ്ചായത്തിലെ ഇത്തിത്താനത്ത് കുടിവെള്ളം മാത്രം കിട്ടാനില്ല. 7,8, 9, 10, 11, 12, 13, 14, 16 വാർഡുകളിലായി നിരവധി കുഴൽക്കിണറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിൽ പലതും 'നോക്കുകുത്തിയായി" മാറി. കുഴൽക്കിണറുകളിൽ അറ്റക്കുറ്റപ്പണികൾ നടത്തിയാൽ നാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്. എന്നാൽ ഗ്രാമപഞ്ചായത്തിന് ഇതിൽ താത്പര്യമില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഒൻപതാം വാർഡിൽ ഭാസ്‌ക്കരൻ കോളനിയിലേക്കുള്ള വഴിയുടെ നടുഭാഗത്തു തന്നെ ഒരു കുഴൽകിണർ കുഴിച്ച് ഉപേക്ഷിച്ചിരിക്കുന്നതിനാൽ ഇതുവഴിയുള്ള വഴിയാത്ര തടസപ്പെട്ടതായി സമീപവാസികൾ പറയുന്നു. മുൻപ് കുഴിച്ച കുഴൽക്കിണറുകൾ അറ്റകുറ്റപ്പണികൾ ചെയ്യാതെ നശിക്കുന്ന സാഹചര്യത്തിലും, വിവിധ വാർഡുകളിൽ ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ വീണ്ടും കുഴൽക്കിണറുകൾ സ്ഥാപിച്ച് അവ ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന കാഴ്ചയും കാണാം. ഭൂഗർഭജല വകുപ്പിന്റെ ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ നഷ്ടപ്പെടുത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം.

 കുടിവെള്ളപ്രശ്നത്തിന് പരിഹാരം വേണം !

ഇത്തിത്താനം പ്രദേശത്തെ കുഴൽകിണറുകൾ അറ്റകുറ്റപ്പണികൾ തീർത്ത് ഉപയോഗപ്രഥമാക്കി ജനങ്ങളുടെ കുടിവെള്ളപ്രശ്‌നത്തിന് ശാശ്വതപരിഹാരം കണ്ടെത്തണമെന്ന് ഇത്തിത്താനം വികസനസമിതിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രസന്നൻ ഇത്തിത്താനത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ബിജു എസ്. മേനോൻ, വി.ജി. ശിവൻകുട്ടികുട്ടി നായർ, അജയൻ ചേരാമ്പേരി എന്നിവർ സംസാരിച്ചു.