പാലാ : കറന്റ് പോകില്ല, ലൈൻ പൊട്ടിവീഴുമെന്ന ഭീതി വേണ്ട .... എന്തൊക്കെ കോലാഹലങ്ങളോടെയാണ് ഏരിയൽ ബഞ്ച്ഡ് കേബിൾ നടപ്പാക്കിയത്. എന്നിട്ടിപ്പോഴോ? ദിവസം പത്തും പതിനഞ്ചും തവണയാണ് കറന്റ് പോകുന്നത്. പാലായിലെ മാത്രമല്ല, രാമപുരത്തും സ്ഥിതി ഇങ്ങനെയൊക്കെയാണ്. രാമപുരം സെക്ഷന് കീഴിലെ ഏഴാച്ചേരി , ചിറകണ്ടം, വെള്ളിലാപ്പിള്ളി ഭാഗങ്ങളിൽ ഇന്നലെ തുടർച്ചയായി 22 മണിക്കൂറാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. ഇടയ്ക്ക് കറന്റ് വന്നപ്പോഴാകട്ടെ വോൾട്ടേജിന്റെ ഏറ്റക്കുറച്ചിലും. അസി. എൻജിനിയർ മുതൽ ഡെപ്യൂട്ടി ചീഫ് എൻജിനിയറോട് വരെ ഉപഭോക്താക്കൾ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

ഒറ്റ മഴ പെയ്താൽ ഭൂരിഭാഗം സമയവും പാലായിൽ വൈദ്യുതി ഇല്ല. പൊള്ളുന്ന ചൂടിൽ വലയുന്ന ജനങ്ങൾക്ക് ഇരട്ടി ദുരിതമായിരിക്കുകയാണ് അടിക്കടിയുള്ള വൈദ്യുതിമുടക്കം. അതും മുന്നറിയിപ്പില്ലാതെ. ഇന്റർനെറ്റ് തകരാറായതിനാലാണ് ഉപഭോക്താക്കളടെ ഫോണിൽ അറിയിപ്പ് നൽകാൻ കഴിയാതിരുന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം 10 തവണയാണ് കറന്റ് പോയത്. വിയർ‌ത്തൊലിച്ചാണ് ഓഫീസുകളിലും വിവിധ സ്ഥാപനങ്ങളിലും ജീവനക്കാർ ജോലി ചെയ്തത്. ചില ദിവസങ്ങളിൽ അറ്റകുറ്റപ്പണികളുടെ പേരിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രഖ്യാപിത വൈദ്യുതിമുടക്കമുണ്ട്. ഉച്ചസമയത്തും രാത്രിയിലുമുള്ള വൈദ്യുതിമുടക്കമാണ് ജനങ്ങളെ വലയ്ക്കുന്നത്.

കോടികളുടെ പദ്ധതികളുണ്ടായിട്ടും

ഇന്റഗ്രേറ്റഡ് പവർ ഡിസ്ട്രിബ്യൂഷൻ സ്‌കീം, ആക്‌സിലേറ്ററി പവർ ഡെവലപ്പ്‌മെന്റ് പ്രോജക്ട് എന്നിങ്ങനെ കോടികളുടെ പദ്ധതികൾ. ഓരോ 100 മീറ്ററിലും ട്രാൻസ്‌ഫോർമറുകൾ, ഇന്റർ ലിങ്കിംഗ് സംവിധാനം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് പാലാ മണ്ഡലത്തിൽ നടപ്പാക്കിയത്. എന്നിട്ടും വൈദ്യുതിതടസത്തിന് പരിഹാരമാകുന്നില്ല.

മുൻപ് എസ്.എസ്.എൽ.സി പരീക്ഷക്കാലത്ത് വൈദ്യുതിമുടക്കം ഉണ്ടാകാറില്ലായിരുന്നു. ഇപ്പോൾ സ്ഥിതിയതല്ല. സദായസമയം മുടക്കം. ജലവിതരണവും ഇതോടെ തടസപ്പെടും.


രാമപുരത്ത് മഴ, പാലായിലോ ?

രാമപുരത്ത് കനത്ത മഴയും മരം വീഴ്ചയും കാരണമാണ് വൈദ്യുതിവിതരണം തടസപ്പെട്ടതെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനിയർ ബീന പയസ് പറഞ്ഞു. എന്നാൽ പാലായിൽ തുടർച്ചയായി വൈദ്യുതിവിതരണം തടസപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇവർ പറഞ്ഞു.

നടപടി സ്വീകരിക്കും : എം.എൽ.എ
പാലായിലെയും രാമപുരത്തെയും വൈദ്യുതിതടസത്തെ കുറിച്ച് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടാകാൻ പാടില്ല. മുൻകൂട്ടി ലൈനിൽ പണി നിശ്ചയിക്കുന്നത് ഉപഭോക്താക്കളെ അറിയിക്കണം. വൈദ്യുതിവിതരണതടസം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.