കോട്ടയം: തിരുനക്കര ശിവന് മദപ്പാട് മാറിയോ? മാറിയെന്ന് ആനയെ പരിശോധിച്ച ദേവസ്വം ബോർഡ് സീനിയർ വെറ്ററിനറി ഡോക്ടർ ശശീന്ദ്ര ദേവ് പറയുമ്പോൾ എഴുന്നെള്ളിക്കരുത് ആനയ്ക്ക് പ്രശ്നമാണെന്നാണ് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ജി.പ്രസാദിന്റെ റിപ്പോർട്ട്. ഇതോടെ തിരുനക്കര ശിവനെ ചൊല്ലി വീണ്ടും വിവാദത്തിന്റെ എഴുന്നള്ളത്തായി .

കൊറോണയുടെ പേരിൽ പകൽപ്പൂരം ഒഴിവാക്കി ആനയ്ക്കുപകരം ജീവത എഴുന്നെള്ളിപ്പോടെ തിരുനക്കര ഉത്സവം നടത്തേണ്ട സാഹചര്യം വന്നത് ശിവന് പകരം മറ്റ് ആനകളെ എഴുന്നെള്ളിക്കാൻ തിരുനക്കര അപ്പൻ സമ്മതിക്കാത്തതുകൊണ്ടാണെന്നാണ് വിശ്വാസികൾ പ്രചരിപ്പിക്കുന്നത്.

ഈ വർഷം ശിവന് നേരത്തേ മദപ്പാട് വന്നിരുന്നു. ദേവസ്വം ബോർഡ് മുൻകൈയെടുത്ത് അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ച് മരുന്നും നാലു മാസത്തോളം പ്രത്യേക പരിചരണവും നൽകിയതോടെ മദപ്പാടൊഴിഞ്ഞു ആരോഗ്യവാനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെല്ലാം ശിവനെ എഴുന്നെള്ളിക്കണമെന്ന ഉത്തരവും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ. വാസുവിന്റേതായി ഇറക്കി . നിലവിലെ പാപ്പാനെ ചിറക്കടവിലേയ്ക്ക് മാറ്റിയതോടെ പുതിയ പാപ്പാൻ ചട്ടം പഠിക്കാൻ സമയമെടുക്കുമെന്നതിനാൽ സർവീസിൽ നിന്നു വിരമിച്ച ആദ്യ പാപ്പാൻ നടേശന് പുനർനിയമനവും നൽകി . ഈ വർഷത്തെ തിരുനക്കര ഉത്സവത്തിന് ശിവനെ എഴുന്നെള്ളിക്കുമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി.ഗോപകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. എന്നാൽ ശിവനെ എഴുന്നെള്ളിക്കാൻ പാടില്ലെന്ന റിപ്പോർട്ടാണ് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ കളക്ടർ,ചീഫ് വൈൽഡ് ലൈഫ് വാർഡൻ, കോട്ടയം ചീഫ് വെറ്ററിനറി ഓഫീസർ, തിരുവിതാംകൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങിയവർക്കു നൽകിയത് .

ഡോക്ടർ പരിശോധിച്ച് മദപ്പാടില്ലെന്ന് ഉറപ്പുവരുത്തി

ശിവന്റെ രക്തത്തിലെ കൗണ്ട് പൂജ്യത്തിലും താഴെ

വനം വകുപ്പ് രക്തത്തിലെ കൗണ്ട് പറയുന്നുമില്ല

ഇത് കള്ളക്കളിയാണെന്നാരോപിച്ച് ആനപ്രേമി സഘം

കൗണ്ട് അറിയിക്കാൻ വിവരാവകാശ അപേക്ഷ നൽകി

രക്തത്തിലെ

കൗണ്ട്

0.5

ശിവന് ഒരു കുഴപ്പവുമില്ല

തിരുനക്കര ശിവനെ തളച്ചിരിക്കുന്ന ചെങ്ങളത്തുകാവിൽ ചെന്ന് ഇന്നലെയും പരിശോധിച്ചിരുന്നു. ശാന്തനാണ്. മദപ്പാടില്ല. വനം വകുപ്പ് ഇത്തരമൊരു ഉത്തരവ് ഇറക്കിയത് എന്തിനെന്നറിയില്ല. മാസങ്ങൾക്കു മുമ്പ് ശിവൻ ഇടഞ്ഞപ്പോൾ ആനപ്പുറത്തു നിന്ന് പാപ്പാൻ വീണ് മരിച്ചതാണ് വനം വകുപ്പ് വിലക്കിന് കാരണമായി പറയുന്നത്.രക്തത്തിലെ കൗണ്ട് പരിശോധിച്ചാണ് മദപ്പാട് നോക്കുന്നത്. എന്തിനാണ് കൗണ്ട് മറച്ചുവച്ചതെന്നറിയില്ല.

ഡോ.ശശീന്ദ്രദേവ്, ദേവസ്വം ബോർഡ് വെറ്ററിനറി ഓഫീസർ