കോട്ടയം: പള്ളിക്കത്തോട്ടിൽ നാടൻ തോക്ക് നിർമ്മിച്ചു വിൽപ്പന നടത്തിയ സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലായേക്കുമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മുക്കാളി കദളിമറ്റം വീട്ടിൽ കെ.എൻ. വിജയൻ, ചെങ്ങന്നൂർ മാന്നാർ സ്വദേശി ലിജോ, പള്ളിക്കത്തോട് മന്ദിരം ജംഗ്ഷന് സമീപം ആല നടത്തുന്ന തട്ടാമ്പറമ്പിൽ മനേഷ് കുമാർ, സഹോദരൻ രാജൻ, ആനിക്കാട് കൊമ്പിലാക്കൽ ബിനീഷ് കുമാർ, ളാക്കാട്ടൂർ വട്ടോലിൽ രതീഷ് ചന്ദ്രൻ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവർ റിമാൻഡിലാണ്. ഇന്നലെ മാന്നാറിൽ നിന്ന് കസ്റ്റഡിയിലെടുത്ത രണ്ടുപേരുടെ പക്കൽ തോക്കുണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ പക്കൽ നിന്നും തോക്ക് കണ്ടെത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തും. പ്രതികൾ തോക്കു വിറ്റവരുടെ പട്ടിക പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവർ അടുത്ത ദിവസം തോക്കുമായി എത്തണമെന്നാണ് നിർദ്ദേശം. ഇതിന് തയ്യാറാകാത്തവരെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കും.

പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തോക്ക് വിൽപ്പന നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പിടിയിലായവർക്കെതിരെ ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിനാണ് കേസ് രജിസറ്റർ ചെയ്യുക. അംഗീകാരമില്ലാതെ നാടൻ തോക്കാണ് പള്ളിക്കത്തോട്ടിലെ സംഘം നിർമ്മിച്ചിരിക്കുന്നത്. ഈ സംഘത്തിന് ലൈസൻസില്ല. ഈ സാഹചര്യത്തിൽ ഇവരിൽ നിന്നും തോക്ക് വാങ്ങിയവരെല്ലാം കേസിൽ പ്രതിയാകും.