കോട്ടയം: ബി.ജെ.പി ജില്ലാ പ്രസിഡന്റായി അഡ്വ.നോബിൾ മാത്യു ചുമതലയേറ്റ ചടങ്ങിലും വിവാദത്തിന് കുറവില്ല. കൊറോണ ഭീതി മൂലം ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ അടക്കം നിർദേശിച്ചപ്പോഴാണ് നൂറോളം പ്രവർത്തകർ ചടങ്ങിനായി സമ്മേളിച്ചത്. ഹസ്തദാനം ചെയ്യരുതെന്ന നിർദേശവും പാലിക്കപ്പെട്ടില്ല. എന്നാൽ ലളിതമായ പരിപാടിയാണ് സംഘടിപ്പിച്ചതെന്നായിരുന്നു പാർട്ടി വിശദീകരണം.

മണ്ഡലം അദ്ധ്യക്ഷൻമാരുടെ നേതൃത്വത്തിൽ ഭാരവാഹികളും പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളും ചടങ്ങിനെത്തി. എൻ .ഹരി, പുതിയ അദ്ധ്യക്ഷനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. ജി.രാമൻ നായർ , അഡ്വ. നാരായണൻ നമ്പൂതിരി, ജയസൂര്യൻ, പത്മകുമാർ, ബി.രാധാകൃഷ്ണമേനോൻ എന്നിവർ പുതിയ അദ്ധ്യക്ഷന് ആശംസ നേർന്നു .