പാലാ : ആറ് പതിറ്റാണ്ടായി കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകരുന്ന ഏലിക്കുട്ടി ടീച്ചർക്ക് പാലാ രൂപതയുടെ ആദരവ്. 82-ാം വയസിലെത്തി നിൽക്കുന്ന ടീച്ചർക്ക് മൊമെന്റോയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിച്ചു.
നിലത്തെഴുത്തും ഓലയും നാരായവും സ്ലേറ്റുകളും സ്മാർട്ട് ക്ലാസ് റൂമുകളുമൊക്കെ 64 വർഷത്തെ അദ്ധ്യാപനകാലത്ത് കടന്നുപോയത് മധുരസ്മരണകളോടെയാണ് ടീച്ചർ ഓർക്കുന്നത്. ളാലം പള്ളിയോട് ചേർന്ന് വാദ്യപുരയിലാണ് അദ്ധ്യാപനജിവിതം തുടങ്ങുന്നത്. ഹിന്ദി വിദ്വാൻ പാസായി വീട്ടിലിരിക്കുമ്പോഴാണ് തളർരോഗം പിടികൂടുന്നത്. പിന്നീട് പഠനം നടന്നില്ല. ളാലം പള്ളി വികാരിയായിരുന്ന പുത്തേട്ട് അച്ചനാണ് ഒഴിഞ്ഞുകിടക്കുന്ന വാദ്യപ്പുര ശരിയാക്കിയെടുത്ത് കുഞ്ഞുങ്ങൾക്ക് നാലക്ഷരം പറഞ്ഞുകൊടുക്കാൻ ഉപദേശിച്ചത്. 9 കുട്ടികളുമായി കളരി ആരംഭിച്ചു. കുട്ടികളിൽ നിന്ന് ലഭിച്ചിരുന്ന ചെറിയ ഫീസും മുനിസിപ്പാലിറ്റിയുടെ ഗ്രാന്റുമായിരുന്നു വരുമാനം.
ഹിന്ദി, ഇംഗ്ലീഷ്, മലയാളം വിഷയങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകി. പാലാ പന്തപ്ലാക്കൽ കുടുംബാംഗമാണ്.