കോട്ടയം : വിദേശത്തുനിന്നു വന്ന കൊറോണ രോഗികൾ വീടുകളിൽ ഒളിച്ചിരിക്കുന്നു എന്ന അഭ്യൂഹം ജില്ലയിൽ വ്യാപകമായുണ്ട്. കളക്ടറേറ്റിലെ കൊറോണ കൺട്രോൾ റൂമിലും വിവിധ വകുപ്പുകളിലും ആശുപത്രികളിലും നിരവധി പേർ ഇത്തരം രോഗികളെക്കുറിച്ച് ഫോണിൽ വിളിച്ചറിയിക്കുന്നുണ്ട്. വൈറസ് ബാധ പ്രതിരോധിക്കുന്നതിനായി ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് അറിവില്ലാത്തതാണ് ഭൂരിഭാഗം പരാതികൾക്കും കാരണം. വിദേശത്തുനിന്ന്, പ്രത്യേകിച്ച് കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് എത്തിയവർ എത്രയും വേഗം ആരോഗ്യ വകുപ്പിൽ വിവരമറിയിച്ച് പൊതു സമ്പർക്കം ഒഴിവാക്കി വീടുകളിൽ തനിയെ താമസിക്കണമെന്നാണ് നിർദേശം. ഇങ്ങനെ കഴിയുന്നവർ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്.
വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഇല്ലെങ്കിലും ഇവർക്ക് 28 ദിവസം ഹോം ക്വാറന്റയിൻ വേണ്ടതുണ്ട്. ഇക്കാലയളവിൽ എല്ലാ ദിവസവും ആരോഗ്യ വകുപ്പ് ഇവരുടെ ആരോഗ്യനില അന്വേഷിക്കും. രോഗലക്ഷണങ്ങൾ പ്രകടമായാൽ ആശുപത്രിയിലെ ഐസൊലേഷൻ വിഭാഗത്തിലേക്ക് മാറ്റുകയും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്യും.
രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ഉറ്റവരുടെയും അയൽവാസികളുടെയും നാട്ടുകാരുടെയും സുരക്ഷയെക്കരുതി ഒറ്റപ്പെട്ടു താമസിക്കുന്നവരും കുടുംബാംഗങ്ങളും വ്യാജ പ്രചാരണങ്ങൾമൂലം ഏറെ ബുദ്ധിമുട്ടു നേരിടുന്നതായി പരാതിയുണ്ട്. വിദേശത്തുനിന്ന് വന്ന് ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്ത് ഹോം ക്വാറന്റയിനിൽ കഴിയുന്നവർക്കെതിരായ വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു. റിപ്പോർട്ട് ചെയ്യാത്തവരുണ്ടെങ്കിൽ അക്കാര്യം പ്രദേശത്തെ ജനപ്രതിനിധികളെയോ സർക്കാർ ആശുപത്രിയിലോ അറിയിക്കുക. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന് സമീപ ദിവസങ്ങളിൽ എത്തിയവർ പൊതു പരിപാടികളിൽ പങ്കെടുക്കുന്നത് ശ്രദ്ധയിൽ പെട്ടാലും അധികൃതരെ അറിയിച്ചാൽ തുടർ നടപടികൾ സ്വീകരിക്കും.
ഹോം ക്വാറന്റയിനിൽ കഴിയുന്നവർക്ക് മാനസികവും സാമൂഹികവുമായ പിന്തുണയും സഹായങ്ങളും ലഭ്യമാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.