തിരുനക്കര: കൊറോണ ബാധയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായുള്ള ഉത്സവബലിയും, പറയെടുപ്പും ഉണ്ടാകില്ലെന്ന് ക്ഷേത്രം ഉപദേശക സമിതി അറിയിച്ചു. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും നിർദേശങ്ങൾ ഭക്തർ പാലിക്കണമെന്നും ക്ഷേത്രം ഉപദേശക സമിതി അറിയിച്ചു. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ ഉത്സവബലി വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിരുനക്കര മഹാദേവക്ഷേത്രത്തിലെയും ഉത്സവബലി വേണ്ടെന്നു വച്ചിരിക്കുന്നത്. 14ന് കൊടിയേറുന്ന ഉത്സവത്തിന്റെ പള്ളിവേട്ട 22ന് രാത്രി എട്ടിനും, 23ന് ആറാട്ടിന് ശേഷം രാത്രി 11ന് കൊടിയിറക്കവും നടക്കും. ഉത്സവദിവസങ്ങളിൽ പറയെടുപ്പ് ഒഴിവാക്കാനും തീരുമാനമായി. കൊടിയിറക്കിന് മുമ്പായി കൊടിമരച്ചുവട്ടിൽ ആചാരത്തിന്റെ ഭാഗമായി വയസ്‌കരകുടുംബം വക പറ സമർപ്പണം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഉത്സവത്തിന് ശേഷം ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്‌നം നടത്തും. ഉത്സവത്തിന്റെ ഭാഗമായി നടത്താനിരുന്ന കലാപരിപാടികൾ ജൂണിലെ അൽപശി ഉത്സവത്തിന്റെ ഭാഗമായി നടത്തും. ഉപദേശക സമിതി ഭാരവാഹികളായ ബി. ഗോപകുമാർ, സി.ആർ. രാജൻബാബു, ടി.സി. വിജയചന്ദ്രൻ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ടി. രാധാകൃഷ്ണപിള്ള എന്നിവർക്ക് തന്ത്രി നിർദേശം നൽകി.