കോട്ടയം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്യുന്നത് കോട്ടയത്താണെങ്കിലും, കൊറോണപ്പേടിയിൽ രക്തത്തിന് വൻക്ഷാമം. ഇതോടെ രോഗികൾ നെട്ടോട്ടത്തിലാണ്. സന്നദ്ധ സംഘടനകളിൽ നിന്നും സമൂഹമാദ്ധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ നിന്നുമാണ് പ്രധാനമായും രക്തം തേടിയിരുന്നത്. രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോഴും തയ്യാറാകുന്നവരുടെ എണ്ണം കുറവാണ്. ഇതിന് പുറമെയാണ് കൊറോണപ്പേടിയിൽ ദാതാക്കൾ പുറത്തിറങ്ങാത്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ രക്തം ദാനം ചെയ്യാൻ ആരുമെത്തുന്നില്ല. തയ്യാറായവരെ വീട്ടിൽ നിന്ന് വിടുന്നുമില്ല. ശസ്ത്രക്രിയകളുടെ എണ്ണം കൂടിയതോടെ വിവിധ ജില്ലകളിൽ നിന്ന് എത്തുന്ന രോഗികളും ബുദ്ധിമുട്ടുകയാണ്. മറ്റ് ആവശ്യത്തിന് മുൻകൂട്ടി പറഞ്ഞ് വയ്ക്കുന്ന രോഗികൾക്കുള്ള രക്തം അടിയന്തര ഘട്ടത്തിൽ മാറ്റിക്കൊടുക്കേണ്ട അവസ്ഥയാണ്.
ദാതാക്കൾ കൂടുന്നില്ല
സോഷ്യൽ മീഡിയയിലൂടെ സജീവമായ ജില്ലയിലെ രക്തദാതാക്കളുടെ ഗ്രൂപ്പിൽ അയ്യായിരം അംഗങ്ങളുണ്ടെങ്കിലും പതിവായി ദാനം ചെയ്യുന്നവർ 40 പേർ മാത്രമാണ്. സൗന്ദര്യം കുറയും, ആരോഗ്യം പോകും തുടങ്ങിയ തെറ്റിദ്ധാരണകൾ മൂലം പുതുതലമുറ രക്തദാനത്തോട് വിമുഖത കാട്ടുകയാണ്. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കൂടുതലായി നടക്കുന്ന തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ എത്ര കിട്ടിയാലും തികയാത്ത അവസ്ഥയാണ്.
ആരോഗ്യ വകുപ്പിന്റെ നിർദേശം
പൂർണ ആരോഗ്യവാനാണെന്ന് ഉറപ്പുണ്ടെങ്കിൽ രക്തദാനം ചെയ്യാം
ആറുമാസത്തിനിടെ സംസ്ഥാനം വിട്ട് സഞ്ചരിച്ചവർ മാറി നിൽക്കണം
രണ്ടാഴ്ചയ്ക്കിടെ പനിയോ ചുമയോ മറ്റോ ഉണ്ടായെങ്കിൽ ദാനം ചെയ്യരുത്
അണുബാധയേറ്റെന്ന് ഭയമുണ്ടെങ്കിൽ ദിശയുമായി ബന്ധപ്പെടണം
നൽകുന്ന രക്തം പരിശോധനയ്ക്ക് ശേഷമാണ് രോഗികളിലെത്തുന്നത്
രക്തദാതാക്കളുടെ ഗ്രൂപ്പിലുള്ളത്
5000
പതിവായി ദാനം ചെയ്യുന്നവർ
40
പണ്ട് നെഗറ്റീവ് ഗ്രൂപ്പുകൾക്ക് മാത്രമായിരുന്നു ഡിമാൻഡെങ്കിലും ഇപ്പോൾ ഒരു ഗ്രൂപ്പും കിട്ടാനില്ല. കഴിഞ്ഞ ദിവസം ഒ പോസിറ്റീവ് ഗ്രൂപ്പുള്ളയാളെ വരെ കണ്ടെത്താൻ പാടുപെട്ടു. ദാതാക്കളെ വിളിക്കുമ്പോൾതന്നെ ഭയപ്പെട്ട് പിൻമാറുകയാണ്.
-ജോമോൻ തോമസ്, ബ്ലഡ് ഡോണേഴ്‌സ് കേരള