അടിമാലി: ആക്ഷേപത്തിനിടയാക്കിയ മാലിന്യക്കൂന നീക്കി പൂന്തോട്ട നിർമ്മാണത്തിന് തുടക്കമിട്ട് അടിമാലി പഞ്ചായത്ത്. അടിമാലി ടൗൺ ജുമാമസ്ജിദിന് സമീപത്ത് നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള ഇടവഴിയോരത്തായിരുന്നു വലിയ തോതിൽ ജൈവ- അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ടിരുന്നത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം കുമിഞ്ഞ് കൂടിയതോടെ ദുർഗന്ധം ഉയർന്നു. മാലിന്യ സംസ്‌കരണ പദ്ധതികളുമായി അടിമാലി പഞ്ചായത്ത് മുമ്പോട്ട് പോകുമ്പോൾ ടൗണിന്റെ ഹൃദയഭാഗത്ത് മാലിന്യം വലിച്ചെറിയപ്പെടുന്നത് തെറ്റായ പ്രവണതയാണെന്ന ആരോപണമുയർന്നു. ഇതോടെയാണ് വിഷയത്തിൽ പഞ്ചായത്ത് ഇടപെട്ടത്. കുമിഞ്ഞ് കിടന്നിരുന്ന മാലിന്യം നീക്കം ചെയ്തതിനൊപ്പം സ്ഥലമുടമയുടെ അനുവാദത്തോടെ പൂന്തോട്ടം വച്ചുപിടിപ്പിക്കുന്ന ജോലിക്കും പഞ്ചായത്ത് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ്, സെക്രട്ടറി കെ.എൻ. സഹജൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചെടികൾ നട്ട് പൂന്തോട്ടനിർമ്മാണത്തിൽ പങ്ക് ചേർന്നു. പ്രദേശത്ത് ഇനി മാലിന്യ നിക്ഷേപം നടത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് പറഞ്ഞു. മാലിന്യനിക്ഷേപം നടത്തുന്ന ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതോടെ പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ള അധികൃതർ ഇവിടെയെത്തി മാലിന്യനിക്ഷേപം നടത്തുന്നവർക്ക് താക്കീത് നൽകിയിരുന്നു. മാലിന്യം വലിച്ചെറിയപ്പെടാതിരിക്കാൻ സ്വകാര്യ വ്യക്തിയോടിവിടെ മതിൽ നിർമ്മിക്കാൻ പഞ്ചായത്ത് നിർദ്ദേശം നൽകിയിട്ടുണ്ട്.