കോട്ടയം: കൊറോണ ഭീതിയിൽ കെ.എസ്.ആർ.ടി.സിയ്‌ക്കും വൻ വരുമാന നഷ്‌ടം. കോട്ടയം ഡിപ്പോയുടെ വരുമാനത്തിൽ മൂന്നു ലക്ഷം രൂപയുടെ നഷ്‌ടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കൊറോണക്കാലത്തിനു മുൻപ് പത്തു ലക്ഷം രൂപയായിരുന്നു പ്രതിദിന വരുമാനം. ഇന്നലെ ഇത് ഏഴു ലക്ഷം രൂപയായി കുറഞ്ഞു. ആളുകൾ കുറഞ്ഞതോടെ പല സർവീസുകളും വെട്ടിക്കുറച്ചു. എറണാകുളം, ചേർത്തല, കുമളി സർവീസുകൾ ഇന്നലെ കുറച്ചിരുന്നു. ഇന്നലെ ഉച്ചവരെയുള്ള സമയത്തിനിടെ ഞ്ചു സർവീസുകളാണ് വെട്ടിക്കുറച്ചത്. റാന്നി റൂട്ടിൽ ചെയിൻ സർവീസിനായി എട്ടു ബസുണ്ടായിരുന്നത് നാലാക്കി. എന്നാൽ , ഈ ബസുകളിലും യാത്രക്കാർ വളരെ കുറവാണ്. റാന്നിയ്ക്കു കോട്ടയം ഡിപ്പോയുടേതായുണ്ടായിരുന്ന ഏക സർവീസും നിറുത്തിവച്ചു.

 വെള്ളമില്ല, ശുചിത്വവും...!

കൊറോണക്കാലത്ത് ശുചിത്വം ഉറപ്പാക്കണമെന്ന റിപ്പോർട്ടുകൾക്കിടെ ഒരു തുള്ളി വെള്ളമില്ലാതെ കോട്ടയം കെ.എസ്.ആ‌ർ.ടി.സി ഡിപ്പോ. ഇന്നലെ ഡിപ്പോയിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് പോലും വെള്ളമില്ലായിരുന്നു. ഡിപ്പോയുടെ മുന്നിലെ സെപ്ടിക് ടാങ്ക് പൊട്ടി മലിനജലം പുറത്തേയ്‌ക്ക് ഒഴുകുകയാണ്. വെള്ളമില്ലാത്തതിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ അടക്കം പ്രതിഷേധിച്ചിരുന്നു. സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് പൈപ്പ് ലൈൻ ഓഫ് ചെയ്‌തതെന്നാണ് സൂചന.