മറ്റത്തിപ്പാറ : ഭൂഗർഭ ജലചൂഷണത്തിനെതിരേ നാട്ടുകാർ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്ന് വൻതോതിൽ ഭൂഗർഭജലം ശേഖരിച്ച് വിൽക്കുന്നതിനെതിരെയാണ് നാട്ടുകാർ രംഗത്തുവന്നത്. വേനൽക്കാലത്ത് ഏറെ കുടിവെള്ള ക്ഷാമം നേരിടുന്ന മറ്റത്തിപ്പാറ അടുതാറ്റ് ഭാഗത്തെ 12 വീട്ടുകാരാണ് കോടതിയെ സമീപിച്ചത്. ഇവിടെ സ്വകാര്യവ്യക്തി അനധികൃതമായി കുഴൽക്കിണർ നിർമ്മിച്ച് ലോറിയിലും പിക്കപ്പ് വാനിലുമായി ദിനംപ്രതി ഇരുപതിലധികം ലോഡ് വെള്ളം കടത്തിക്കൊണ്ടു പോവുകയാണെന്ന് പരാതിയിൽ പറയുന്നു. പഞ്ചായത്ത് അധികൃതരുടെയോ ഭൂഗർഭജല വകുപ്പിന്റെയോ അനുമതി ഇല്ലാതെയാണ് കുഴൽക്കിണർ നിർമ്മിച്ചത്. വൻതോതിലുള്ള ജലചൂഷണം മൂലം സമീപവാസികളുടെ കിണറുകൾ വറ്റിവരണ്ടതായും പാറമട, കോഴിഫാം എന്നിവിടങ്ങളിലേയ്ക്കാണ് വെള്ളം കൊണ്ടുപോയിരുന്നതെന്നും പറയുന്നു. നാട്ടുകാർ പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പാലാ മുൻസിഫ് കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്.