കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെയും ജനറൽ ആശുപത്രിയിലെയും രണ്ടു പേരെ വീതം കൊറോണ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. ഇനി ഒൻപതു പേരാണ് ആശുപത്രികളിലുള്ളത്.
പുതിയതായി ആരെയും ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടില്ല. പുതുതായി ഒരാളുടെയും നേരത്തേ നെഗറ്റീവായിരുന്ന നാലുപേരുടെയും സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്കയച്ചു.
ജനസമ്പർക്കം ഇല്ലാതെ 942 പേർ
കോട്ടയം ജില്ലയിൽ ജനസമ്പർക്കമില്ലാതെ വീടുകളിൽ കഴിയുന്നവരുടെ എണ്ണം 942 ആയി. ഇതിൽ 465 പേർ കൊറോണ പടർന്ന രാജ്യങ്ങളിൽ നിന്ന് വന്നവരാണ്. വിദേശത്തു നിന്നെത്തിയ 155 പേർക്കാണ് ഇന്നലെ ഹോം ക്വാറന്റൈൻ നിർദേശിച്ചത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ടു പേരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട 59 പേരും എറണാകുളത്തെ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ 42 പേരും ഉൾപ്പെടെ പ്രൈമറി കോൺടാക്ട്‌സ് വിഭാഗത്തിൽ 101 പേരും ഇവരുമായി അടുത്ത് ഇടപഴകിയ സെക്കൻഡറി കോൺടാക്ട്‌സ് വിഭാഗത്തിൽ 376 പേരും വീടുകളിൽ നിരീക്ഷണത്തിലുണ്ട്.
വാട്‌സാപ്പിൽ വ്യാജ സന്ദേശം: ഒരാൾ അറസ്റ്റിൽ
കോട്ടയം മീനടം മേഖലയിൽ കൊറോണ ബാധയുണ്ടെന്ന വ്യാജ സന്ദേശം വാട്‌സാപ്പിൽ പോസ്റ്റ് ചെയ്‌ത പാമ്പാടി വട്ടമലപ്പടി കുളത്തുംകുഴിയിൽ നിസാറിനെ (46) ജില്ലാ കളക്ടറുടെ നിർദേശപ്രകാരം അറസ്റ്റ് ചെയ്തു. വ്യാജ സന്ദേശത്തിലൂടെ ഭീതി പരത്താൻ ശ്രമിച്ചതിനാണ് നടപടി. ഇയാളെ ജാമ്യത്തിൽ വിട്ടു. ആരോഗ്യ വകുപ്പിൽ നിന്നുള്ള വിവരം എന്ന മട്ടിലാണ് വാട്‌സാപ്പിൽ വോയ്‌സ് മെസേജ് പോസ്റ്റ് ചെയ്തത്. ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു.