cds

കോട്ടയം: 'ആ നിലവിളി ശബ്ദമിട്ട്' നിരത്തിലൂടെ പായുന്ന 108 ആംബുലൻസുകൾ നല്ല ഒന്നാന്തരം ലേബർ റൂം കൂടിയാണ്.

സേവനം പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് 108 ആംബുലൻസിൽ പിറവിയെടുത്തവരുടെ എണ്ണം 133 ആയി.

2010മേയ് 19ന് തിരുവനന്തപുരത്താണ് ആംബുലൻസ് സേവനം ആദ്യം തുടങ്ങിയത്. 2012 ഏപ്രിലിൽ ആലപ്പുഴയിലും ആരംഭിച്ചു.തുടർന്ന്

നടത്തിപ്പുകാരായ സ്വകാര്യ കമ്പനി വീഴ്ചവരുത്തിയതോടെ ഏജൻസിയെ രണ്ട് വർഷം മുൻപ് മാറ്റി. പിന്നീട് നാഷണൽ ഹെൽത്ത് മിഷനുമായി ചേർന്ന് പദ്ധതി മുന്നോട്ടുപോയി. കഴിഞ്ഞ സെപ്തംബർ മുതലാണ് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനും ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ എന്ന സ്വകാര്യ സ്ഥാപനവുമായി ചേർന്ന് ആരോഗ്യ വകുപ്പ് കനിവ് എന്ന പേരിൽ 108 ആംബുലൻസ് എല്ലാ ജില്ലകളിലും പ്രവർത്തനം തുടങ്ങിയത്.

2010 ജൂലായ് 18ന് തിരുവനന്തപുരം കുമാരപുരത്താണ് സംസ്ഥാനത്തെ ആദ്യ '108 ആംബുലൻസ് ശിശു' പിറന്നത്. ഈമാസം നാലിന് പത്തനംതിട്ടയിലാണ് ഒടുവിലത്തേത്. സെപ്തംബർ മുതൽ ഇതുവരെ 13 പ്രസവങ്ങളാണുണ്ടായത്. ആംബുലൻസിൽ ജനിച്ച കുട്ടികൾക്കെല്ലാം പൂർണ ആരോഗ്യമുണ്ട്. പ്രസവങ്ങളുടെ എണ്ണത്തിലും തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. നൂറോളം പ്രസവങ്ങൾ തിരുവനന്തപുരത്ത് മാത്രം നടന്നിട്ടുണ്ട്. പ്രസവ സംബന്ധമായ പതിനായിരത്തിലേറെ കേസുകൾ ഇതുവരെ 108 ആംബുലൻസ് ഏറ്റെടുത്തിട്ടുണ്ട്. ഒരാൾക്കും ഇതുവരെ ജീവഹാനി സംഭവിച്ചിട്ടില്ല.

 മൊബൈൽ ലേബർ റൂമും ടെക്നീഷ്യനും

അത്യാസന്ന നിലയിലുള്ള രോഗികൾക്ക് പ്രഥമ ശുശ്രൂഷ നൽകാനുള്ള സൗകര്യങ്ങൾക്കൊപ്പം ലേബർ റൂമിന് വേണ്ട സജ്ജീകരണങ്ങളും ആംബുലൻസിലുണ്ട്. ലേബർ കിറ്റ്, സ്കാനർ, കുട്ടിയുടെ ഹൃദയമിടിപ്പ് അറിയാനുള്ള പ്രത്യേക ഉപകരണം, ഓക്സിജൻ സംവിധാനം, വെന്റിലേറ്റർ സൗകര്യം വരെ ആംബുലൻസിലുണ്ട്. പരിചരിക്കാൻ ബി.എസ്.സി നഴ്സിംഗും പ്രത്യേക പരിശീലനവും നേടിയ എമർജെൻസി മെഡിക്കൽ ടെക്നീഷ്യനുമുണ്ട്.

108 ആംബുലൻസ് ലേബർ റൂമായ ജില്ലകൾ

(2019 സെപ്തംബർ മുതലുള്ള കണക്ക്)

 തിരുവനന്തപുരം: 4

 കൊല്ലം: 1

പത്തനംതിട്ട: 1

ഇടുക്കി:1

തൃശൂർ: 1

കണ്ണൂർ:2

വയനാട്: 1

പാലക്കാട്: 2

ആകെ 108 ആംബുലൻസുകൾ- 315