padam

കോണം, ആര്യാടൻപാക്ക, കാഞ്ഞിരക്കോണം പാടശേഖരത്ത് നെല്ല് സംഭരണം വൈകുന്നു

കോട്ടയം : വിയർപ്പിന്റെ വിലയാണ് ഈ കിടക്കുന്നത്. മാനം കറുക്കുമ്പോൾ നെഞ്ച് പിടയുകയാണ് ! ഓരോ കർഷകന്റെയും വാക്കുകളിൽ രോഷവും അമർഷവും നിറയുന്നു. കൊയ്തെടുത്ത നെല്ല് പാടശേഖരത്ത് മഴയും വെയിലുമേറ്റ് കെട്ടിക്കിടക്കുമ്പോൾ കർഷകന് പരിതപിക്കുകയല്ലാതെ മറ്റ് നിവർത്തിയില്ല. കുട്ടനാട് താലൂക്കിലെ നീലംപേരൂർ കൃഷിഭവന്റെ പരിധിയിൽവരുന്ന കോണം, ആര്യാടൻപാക്ക, കാഞ്ഞിരക്കോണം പാടശേഖരത്തെ കർഷകരാണ് സ്വകാര്യമില്ലുടമയുടെയും ഏജന്റിന്റെയും പിടിവാശിക്ക് മുമ്പിൽ വലയുന്നത്. 297 ഏക്കർ വരുന്ന പാടശേഖരത്ത് ദിവസങ്ങൾക്ക് മുമ്പ് കൊയ്ത്ത് പൂർത്തിയായിരുന്നു. കാലടിയിലെ മില്ലിനെയാണ് പാടശേഖരത്ത് നിന്ന് നെല്ല് സംഭരിക്കാൻ സപ്ലൈക്കോ ചുമതലപ്പെടുത്തിയിരിക്കുന്നത്. നെല്ലെന്ന് സംഭരിക്കും എന്നത് സംബന്ധിച്ച് ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല. നെല്ലിലെ ഈർപ്പത്തിന്റെ പേരിൽ ക്വിന്റലിന് അഞ്ച് കിലോ കിഴിവ് നൽകണമെന്നാണ് മില്ല് അധികൃതരുടെയും ഏജന്റിന്റെയും നിലപാട്. ഇതിനെ കർഷകർ ഒന്നടങ്കം എതിർക്കുകയാണ്. പരിശോധനയിൽ നെല്ലിൽ ഈർപ്പത്തിന്റെ അംശം 14.9 ശതമാനം മാത്രമാണെന്ന് കർഷകർ പറയുന്നു. ഈർപ്പത്തിന്റെ അംശം കുറവായതിനാൽ കിഴിവ് നൽകേണ്ട കാര്യമില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

വൈകിയാൽ കനത്ത നഷ്ടം

പാടശേഖരത്ത് തന്നെയാണ് നെല്ല് മൂടകൂട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ പാടശേരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതാണ് കർഷകരെ ആശങ്കപ്പെടുത്തുന്നത്. വീണ്ടുമൊരു കനത്തമഴ പെയ്താൽ വെള്ളക്കെട്ട് മൂലം കൊയ്തെടുത്ത നെല്ല് നശിക്കാനുള്ള സാധ്യതയും ഏറെയാണ്.

നിലവിൽ തർക്കമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇന്ന് മുതൽ നെല്ല് സംഭരിച്ച് തുടങ്ങും

രാജേഷ്, പാഡി ഓഫീസർ, മങ്കൊമ്പ്