കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി പുഴയിലേക്ക് മാലിന്യം ഒഴുക്കിയതിനെ നടപടിയെടുത്തിരുന്നു. ഹോട്ടലിലെ മാലിന്യം പുഴയിലേക്ക് ഒഴുക്കുകയും പുഴയിലെ മാലിന്യം ഹോട്ടലിലേക്ക് എടുക്കുകയും ചെയ്യുന്നത് കാഞ്ഞിരപ്പള്ളിയിലെ ചില ഹോട്ടലുകളുടെ സ്ഥിരം പരിപാടിയാണെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. ഹോട്ടലിലെ മലിനജലം നേരിട്ട് പുഴയിലേക്കൊഴുക്കുകയും പുഴയിലെ മലിനജലം പാചകം അടക്കമുള്ള ഹോട്ടൽ ആവശ്യങ്ങൾക്കായി എടുക്കുകയുമാണ് ചെയ്യുന്നത്. ഇതിന് ഹോട്ടലുകൾക്കെതിരായി ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും നടപടി സ്വീകരിച്ചിട്ടുള്ളതുമാണ്. നിയമനടപടികൾ നിയമത്തിന്റെ വഴിയേപോകും. അതു കഴിയുമ്പോൾ ഹോട്ടലുകാർ അവരുടെ വഴിയേയും.
വേനൽക്കാലമാകുമ്പോൾ പുഴയിലെ വെള്ളം വറ്റിവരണ്ട് പുഴ ഉണങ്ങിക്കഴിയുമ്പോഴാണ് ഈ കലാപരിപാടി. രണ്ടുമൂന്ന് മഴ കഴിയുമ്പോൾ പുഴയിൽ നീരൊഴുക്കാകും. ഹോട്ടൽ മാലിന്യം അതിനൊപ്പം ഒഴുകിപ്പോകും. ഹോട്ടലിലേക്ക് ആവശ്യമുള്ള വെള്ളം പുഴയിൽനിന്ന് പമ്പ്‌ചെയ്ത് എടുക്കുകയും ചെയ്യും. ആരും കാണുന്നുമില്ല ആർക്കും പരാതിയുമില്ല. മുൻവശം മിന്നിത്തിളങ്ങണം അടിപൊളി ബോർഡും ഇലുമിനേഷൻ ബൾബുകളും വിലകൂടിയ ഗ്ലാസ് ഫ്രെയിമുകളും രണ്ടുമൂന്നു പൂച്ചെടികളുമൊക്കെയുണ്ടെങ്കിൽ ആളുകൾ താനേ വന്നുകൊള്ളും. ഇതാണ് ഹോട്ടലുകാരുടെ മനോഭാവം.


ലൈസൻസ് റദ്ദാക്കണമെന്ന്
പഴകിയതും കേടായതുമായ ഭക്ഷണങ്ങളാണ് ചില ഹോട്ടലുകളിൽ വിളമ്പുന്നത്. ഇവരുടെ ലൈസൻസ് ഒരിക്കലും പുതുക്കാനാവാത്തവിധം റദ്ദാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരം ആളുകൾ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് അപമാനമാണെന്നും കർശന നടപടി ഉണ്ടാകണമെന്നും മറ്റ് ഹോട്ടൽ ഉടമകളും ആവശ്യപ്പെട്ടു.