പാലാ : മുനിസിപ്പൽ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയം കോംപ്ലക്‌സിലെ നീന്തൽ കുളത്തിന്റെ ഒന്നാം ചരമവാർഷിക ദിനം ഇന്ന് ! 2019 മാർച്ച് 14 ന് ഉദ്ഘാടനം ചെയ്ത് കുളത്തിൽ പിന്നീട് ഏറെ വെള്ളമൊന്നും ഒഴുകിയില്ല. പാലായിലെ പ്രശസ്ത നീന്തൽ കുടുംബമായ തോപ്പൻസ് , കരാറെടുത്ത നീന്തൽക്കുളത്തിൽ കായിക താരങ്ങളുടെ പരിശീലനം ഏതാനും നാളുകൾ മാത്രമ്രേ നീണ്ടു നിന്നുള്ളൂ. പാലാക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും, പാലായിൽ നിന്ന് ദേശീയ അന്തർദ്ദേശീയ നീന്തൽ താരങ്ങളെ സൃഷ്ടിക്കാനും കെ.എം.മാണി രൂപം കൊടുത്ത നീന്തൽക്കുളം കലക്കി വെള്ളം വറ്റിച്ചത് അദ്ദേഹത്തിന്റെ അനുയായികൾ തന്നെ ഭരിക്കുന്ന നഗരസഭയാണ്. ഇവിടെ നീന്തൽ നടക്കുന്നില്ലെങ്കിലും കുളം ഏറ്റെടുത്ത കരാറുകാരന്റെ 12 ലക്ഷത്തോളം രൂപ ഒരു കരാറുമില്ലാതെ വാങ്ങി പെട്ടിയിലിട്ടു. കുളത്തിൽ പരിശീലനം നടക്കുന്ന സാഹചര്യമില്ലാത്തതിനാൽ തങ്ങൾ മുടക്കിയ പണം തിരികെ വേണമെന്ന തോപ്പൻസ് കുടുംബത്തിന്റെ ആവശവും അംഗീകരിച്ചില്ല.
തുടർച്ചയായി പതിറ്റാണ്ടുകളോളം നീന്തൽ പഠിപ്പിച്ച ശേഷം ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ തുകയും വെള്ളത്തിൽ ചോരനീരാക്കി അധ്വാനിച്ച് കുട്ടികളെ നീന്തൽ പഠിപ്പിച്ച് ഉണ്ടാക്കിയ തുകയുമെല്ലാം ചേർത്ത് മുനിസിപ്പാലിറ്റിയിൽ അടച്ചിട്ട്, ഇപ്പോൾ ഈ തുകയ്ക്കായി അലയുകയാണ് തങ്ങളെന്ന് തോപ്പൻസ് കുടുംബത്തിലെ നീന്തൽ കോച്ചുമാരായ സഹോദരങ്ങൾ പറയുന്നു.
മുനിസിപ്പൽ സ്റ്റേഡിയത്തിലെ കോംപ്ലക്‌സിന്റെ മുകൾ നിലയിലാണ് നീന്തൽക്കുളം പണിതത്
എന്നാൽ നാളുകൾ കഴിഞ്ഞിട്ടും ഇത് ഏറ്റെടുക്കാൻ ആരും വന്നില്ല
ഒടുവിൽ പ്രമുഖ നീന്തൽ കോച്ചുമാരുള്ള തോപ്പൻസ് കുടുംബത്തെ ക്ഷണിച്ചു
10 ലക്ഷം രൂപ സെക്യൂരിറ്റിയും മാസം ജി.എസ്.ടി ഉൾപ്പെടെ 31000 രൂപ വാടകയ്ക്ക് കുളം ഏറ്റെടുത്തു
വെള്ളവും കറന്റും നൽകാമെന്നായിരുന്നു നഗരഭരണാധികാരികളുടെ വാഗ്ദാനം
ഏറ്റെടുത്ത് 10 മാസം കഴിഞ്ഞിട്ടും ഈ രണ്ടു കാര്യങ്ങളും നടപ്പാക്കാനായില്ല
തുണി മാറാനുള്ള മുറിക്കായി കാൽ ലക്ഷം കൂടി മാസ വാടക ചോദിച്ചു
ഇത് കേട്ടതോടെ തോപ്പൻസ് കുടുംബം പിന്മാറി, 10 ലക്ഷം തിരികെ ചോദിച്ചു
തുക തിരികെ നൽകാൻ നടപടി ക്രമങ്ങളുണ്ടെന്ന് പറഞ്ഞ് നഗരസഭ
സബ് കമ്മിറ്റി രൂപീകരിച്ചിട്ടും
നഗരസഭാ കൗൺസിൽ ഈ വിഷയം ചർച്ച ചെയ്യാനും തോപ്പൻമാരെ പിടിച്ചു നിറുത്താനും സബ് കമ്മിറ്റി രൂപീകരിച്ചു. സബ് കമ്മിറ്റിയംഗങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇനിയും നഗരസഭയുടെ കുളത്തിലിറങ്ങില്ലെന്ന ശപഥം മാറ്റാൻ തോപ്പൻസ് തയ്യാറായിട്ടില്ല. മുൻ തീരുമാനങ്ങളിൽ നിന്ന് മുങ്ങാംകുഴിയിടുന്ന നഗരസഭാധികാരികളുടെ തീരുമാനത്തിൽ മനം മടുത്താണ് നീന്തൽക്കുളം വിട്ടതെന്ന് തോപ്പൻസ് അക്കാഡമി ഡയറക്ടർ മാത്യു പറഞ്ഞു.