പൊൻകുന്നം : മമ്മത് അങ്ങോട്ട് ചെന്നില്ലെങ്കിൽ മല ഇങ്ങോട്ട് വരും എന്നു പറഞ്ഞത് പോലെയാണ് പൊൻകുന്നം വാട്ടർ അതോറിട്ടിയിലെ കാര്യം. വഴിനീളെ പൈപ്പ് പൊട്ടി വെള്ളം പാഴായിപ്പോകുന്നത് നിത്യസംഭവമാണ്. ഇതിനെതിരെ നാട്ടുകാർ പരാതി പറഞ്ഞ് മടുത്തതല്ലാതെ വെള്ളം പാഴായിപ്പോകുന്നതിന് ഒരു കുറവുമില്ല. അവസാനം പൈപ്പ്തന്നെ നേരിട്ട് പരാതിയുമായി വാട്ടർഅതോറിട്ടി ഓഫീസിലേക്കെത്തി. ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കലൂടെ പോകുന്ന പൈപ്പ്‌ലൈൻ പൊട്ടി വെള്ളം തൊട്ടടുത്തുള്ള വാട്ടർഅതോറിട്ടി ഓഫീസിലേക്ക് ഒഴുകിയെത്തി. എന്നെ ഒന്നു നന്നാക്കിത്തരൂ എന്ന അപേക്ഷയുമായി. ഈ അപേക്ഷ കൈക്കൊള്ളണമേ എന്നുപറഞ്ഞ് ഓഫീസ് മുറ്റത്തുകൂടി വെള്ളം പതഞ്ഞൊഴുകുകയാണ്.