കോട്ടയം: ക്ഷേത്രോത്സവ,പള്ളി പെരുന്നാൾ സീസണിൽ ഇടിത്തീപോലെ വന്നു ഭവിച്ച കൊറോണ കലാകാരന്മാരുടെ കഞ്ഞികുടി മുട്ടിച്ചു ! .
ക്ഷേത്രങ്ങളിലെയും പള്ളികളിലെയും കലാപരിപാടികൾ കൊറോണയുടെ പേരിൽ മാറ്റി. സംസ്ഥാനത്തിനകത്തും പുറത്തും വിദേശങ്ങളിലും നേരത്തേ ബുക്ക് ചെയ്തിരുന്ന പ്രോഗ്രാമുകളും റദ്ദാക്കി.ഇതോടെ ഉത്സവ സീസണിലെ വരുമാനം കൊണ്ട് ഉപജീവനം നടത്തുന്ന കലാകാരന്മാരുടെ കാര്യം കഷ്ടത്തിലായി. ബാൻഡ് സെറ്റ് സംഘങ്ങൾക്കും ചവിട്ടുനാടകത്തിനും മറ്റും വേദി ലഭിക്കുന്നത് പള്ളി പെരുന്നാളിനോടനുബന്ധിച്ചാണ്.
മാർച്ച്, ഏപ്രിൽ മാസങ്ങളാണ് സീസൺ. ജില്ലയിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രം , കിടങ്ങൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം തുടങ്ങിയിടങ്ങളിൽ മാത്രമാണ് ഉത്സവങ്ങൾ ഇതിനകം അവസാനിച്ചത്. മറ്റു ക്ഷേത്രങ്ങളിലും പള്ളികളിലും ആഘോഷങ്ങൾ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.
ഇന്ന് ആരംഭിക്കുന്ന തിരുനക്കര മഹാദേവക്ഷേത്രോത്സവ കലാപരിപാടികൾക്ക് 55 ലക്ഷം രൂപയായിരുന്നു ബഡ്ജറ്റ്. ആറ് ഗാനമേളയും ഒരു നാടകവും ബാലെയും കഥാപ്രസംഗവും കഥകളിയും നൂറിൽപരം കലാകാരന്മാർ ഒന്നിക്കുന്ന മേളവുമെല്ലാം കൊറോണയുടെ പേരിൽ ഉപേക്ഷിക്കേണ്ടി വന്നു.
ക്ഷേത്ര ഉത്സവ കാലത്തു മാത്രമാണ് കൂത്ത്, കൂടിയാട്ടം, പാഠകം, ഓട്ടൻതുള്ളൽ, കഥകളി ,വേലകളി , തുടങ്ങിയ കലകൾക്ക് വേദി ലഭിക്കുന്നത്. ഈ വർഷം അവരുടെയെല്ലാം കാര്യം കഷ്ടത്തിലാവും.
തിരുനക്കര പകൽപൂരത്തിന് 22 ആനകളും, കുടമാറ്റവും, നൂറിലേറെ കലാകാരന്മാർ ഒന്നിക്കുന്ന വാദ്യമേളവുമെല്ലാം അരങ്ങേറേണ്ടതായിരുന്നു.
മാർച്ച് 31 വരെയാണ് ക്ഷേത്രോത്സവങ്ങൾ കലാപരിപാടികൾ ഒഴിവാക്കി നടത്താൻ സർക്കാർ നിർദ്ദേശം . കൊറോണക്ക് ശമനം ഉണ്ടാകുന്നില്ലെങ്കിൽ നിരോധനം പിന്നെയും നീളും. മാർച്ച് 28നാണ് മീന ഭരണി . ദേവിക്ഷേത്രങ്ങളിലെ ഉത്സവ പരിപാടി ഇതോടെയാണ് ആരംഭിക്കുന്നത്. ഏപ്രിലിൽ വിഷു, പത്താമുദയം ആഘോഷങ്ങൾ ആകും. ഏപ്രിൽ അവസാനത്തോടെയാണ് ഉത്സവ സീസൺ അവസാനിക്കുക. അതുവരെ കൊറോണ നീണ്ടു നിൽക്കരുതേ എന്നാണ് കലാകാരന്മാരുടെ പ്രാർത്ഥന.
കഴിഞ്ഞ വർഷം മഹാപ്രളയത്തിനു ശേഷം വന്ന സാമ്പത്തിക മാന്ദ്യം കലാകാരന്മാരെ നന്നായി ബാധിച്ചിരുന്നു. അനുഷ്ടാനകലകളെ കൈപിടിച്ചുയർത്താൻ ടൂറിസം വകുപ്പിന്റെ സഹായത്തോടെ സർക്കാർ സംസ്ഥാന വ്യാപകമായി നടത്തുന്ന കലാപരിപാടികളും പ്രളയം കാരണം ഉപേക്ഷിച്ചതിന്റെ ക്ഷീണം മാറും മുമ്പാണ് കൊറോണയുടെ പേരിലെ നിയന്ത്രണം.
ഇതിനകം എട്ടു പ്രോഗ്രാം നഷ്ടമായി. കൊറോണ നീണ്ടാൽ കഞ്ഞികുടി മുട്ടും. പരിപാടികൾ നടത്താൻ കഴിയാതെ ജീവിതം വഴിമുട്ടിയ കലാകാരന്മാരെ സാമ്പത്തികമായി സഹായിക്കാൻ സർക്കാർ തയ്യാറാകേണ്ടിയിരിക്കുന്നു.
കുറിച്ചി നടേശൻ, ആർജുനനൃത്ത കലാകാരൻ