വൈക്കം : പ്രളയം തകർത്ത വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അന്തിയുറങ്ങാൻ മാർഗമില്ലാതെ വിഷമിക്കുകയാണ് രോഗബാധിതരായ മൂന്നംഗ കുടുംബം. നഗരസഭ എട്ടാം വാർഡിൽ ഉപ്പുതറയിൽ കുഞ്ഞമ്മ (85), സഹോദരൻ സുഗുണൻ (65), ഭാര്യ അംബിക (50) എന്നിവരാണ് ദുരിതത്തിലായത്. കൈക്കും കാലിനും സ്വാധീനം കുറഞ്ഞ കുഞ്ഞമ്മയുടെയും, വൃക്കരോഗിയായ സുഗുണന്റെയും സംരക്ഷണവും കുടുംബത്തെ ഏറെ അലട്ടുന്നു. ഇവരുടെ കാര്യങ്ങൾ നോക്കി അലയുന്ന അംബികയും ക്ഷീണിതയാണ്. 2018 ൽ ഉണ്ടായ വെള്ളപ്പൊക്കമാണ് കുടുംബത്തിന് ദുർവിധിയായത്. കല്ലുകെട്ടി മേഞ്ഞ വീടിന്റെ ഭിത്തികൾ ജീർണ്ണാവസ്ഥയിലായി ഇടിഞ്ഞുവീണതോടെ മേൽക്കൂര പോലും ഇല്ലാതായി. കുഞ്ഞമ്മയ്ക്കും, സുഗുണനും തലചായ്ക്കാനും ഇടമില്ല. നാല്കാൽനാട്ടി പടുതകെട്ടി മറച്ച ഒരു കുടിലിനുള്ളിൽ ജീവിതം തള്ളിനീക്കുകയാണ് ഇവർ. കഴിഞ്ഞദിവസം ഉണ്ടായ വേനൽ മഴയിൽ വീട്ടുപകരണങ്ങളെല്ലാം പെയ്ത്തുവെള്ളത്തിലലിഞ്ഞു. ഇരുളടഞ്ഞ ജീവിതത്തിനു മുന്നിൽ നിസഹയരായ ഈ കുടുംബം സുമനസ്സുകളുടെ കാരുണ്യം കാത്തുകഴിയുകയാണ്. കുടികിടപ്പായി കിട്ടിയ അഞ്ച് സെന്റ് സ്ഥലമാണ് ആകെയുള്ളത്. മകളുടെ വിവാഹത്തിനായി വായ്പയെടുത്ത മൂന്ന് ലക്ഷം രൂപ തിരിച്ചടക്കാൻ മാർഗമില്ലാതെ ബാങ്ക് നടപടി നേരിടുകയാണ്. വീട് പുനർനിർമ്മാണത്തിന് ഇത് തടസ്സമായി. കുടുംബത്തിന്റെ ദയനീയ സ്ഥിതിയറിഞ്ഞ് വൈക്കം റോട്ടറി ക്ലബ് വീടുനിർമ്മിച്ച് കൊടുക്കാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. പക്ഷേ ബാധ്യത നിലനിൽക്കുന്നതിനാൽ വീട് നിർമ്മാണത്തിന് നിയമതടസങ്ങളുണ്ട്. കടബാധ്യത തീർത്ത് വീട്‌നിർമ്മിച്ചു കൊടുക്കുവാനുള്ള സാമ്പത്തിക ഭദ്റത ക്ലബിനില്ലെന്ന് പ്രസിഡന്റ് ഇ. കെ. ലൂക്ക് പറഞ്ഞു. സുമനസ്സുകളുടെ കൂട്ടായ്മയിൽ കടബാധ്യത തീർക്കുവാൻ തയ്യാറായാൽ ഒരു മാസത്തിനുള്ളിൽ വാസയോഗ്യമായ വീട് നിർമ്മിച്ചു കൊടുക്കാൻ തയ്യാറാണെന്ന് ഇ. കെ. ലൂക്കും, മെമ്പർ കൂട്ടിപറമ്പിൽ കെ. സി. ചാണ്ടിയും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. സുമനസ്സുകൾ കുടുംബത്തിന്റെ സഹായത്തിനായി എത്തുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് മുൻ വാർഡ് കൗൺസിലർ എബ്രഹാം പഴയകടവനും പറഞ്ഞു.