വൈക്കം : വൈക്കം താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയതായുള്ള അന്വേഷണ റിപ്പോർട്ടിനേ തുടർന്ന് പിരിച്ചുവിട്ടു. സഹകരണ വകുപ്പ് കടുത്തുരുത്തി യൂണി​റ്റ് ഇൻസ്‌പെക്ടർ ഷീബമോൾ അഡ്മിനിസ്‌ട്രേ​റ്ററായി ചുമതലയേ​റ്റെടുത്തു. അർഹതപ്പെട്ടവരെ ഒഴിവാക്കി അനർഹർക്കും വേണ്ടപ്പെട്ടവർക്കും വഴിവിട്ട് വായ്പകൾ നൽകുന്നതായും നിയമനങ്ങളിൽ അഴിമതി നടന്നതായും ആരോപണമുയർന്നിരുന്നു. പരാതികളെ തുടർന്ന് കേരള സഹകരണ നിയമം വകുപ്പ് 65 പ്രകാരം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ 2017 മാർച്ചിൽ കോട്ടയം സഹകരണ ജോയിന്റ് രജിസ്ട്രാർ വടയാർ യൂണി​റ്റ് സഹകരണ സംഘം ഇൻസ്‌പെക്ടർ ടി.കെ.ഗിരിജയെ ചുമതലപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭരണസമിതിയുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ബാങ്കിന്റെ ഫണ്ട് ദുർവിനിയോഗം ചെയ്തതായും അനാവശ്യ നിയമനങ്ങൾ നടത്തിയതായും നിയമപരമല്ലാതെ ഭൂമി ഇടപാട് നടത്തിയതായും നടപടി ക്രമങ്ങൾ പാലിക്കാതെ അംഗങ്ങളെ ചേർത്തതായും കണ്ടെത്തുകയും വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ജോയിന്റ് രജിസ്ട്രാറുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടത്തിൽ നടപടി ഒന്നുമുണ്ടായില്ല.
ഭരണ സമിതി യോഗത്തിലെ ക്വാറം തികയ്ക്കാനായി യോഗത്തിൽ പങ്കെടുക്കാതിരുന്ന തന്റെ കള്ള ഒപ്പിട്ട് ഹാജർ ബുക്കിലും സി​റ്റിംഗ് ഫീസ് കൈപ്പ​റ്റ് രസീതിലും പേര് എഴുതി ചേർത്തതായി ഒരു ഭരണ സമിതിയംഗം ജോയിന്റ് രജിസ്ട്രാർക്ക് കഴിഞ്ഞ ആഴ്ചയിൽ പരാതി നൽകുകയും കൂടി ചെയ്തതോടെ ഭരണ സമിതി പിരിച്ചു വിടുന്ന നടപടിയിലേക്ക് നീങ്ങാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. യു.ഡി.എഫ് നേതൃത്വത്തിലുള്ളതായിരുന്നു ഭരണസമിതി. ബാങ്കിനെ അപകീർത്തിപ്പെടുത്താനായി നടന്നുവരുന്ന ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമായാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും നിയമപരമായി നേരിടുമെന്നും ബാങ്ക് പ്രസിഡന്റ് പോൾസൺ ജോസഫ് പറഞ്ഞു.