പാലാ : പായലേ വിട, പോളകളേ വിട...പൊന്നൊഴുകും തോട്ടിൽ ഇനി തെളിനീരൊഴുകും. ഐതീഹ്യ സമ്പന്നമായ മീനച്ചിൽ പൊന്നൊഴുകും തോടിന്റെ പുനരുദ്ധാരണത്തിനുള്ള നടപടികൾ ആരംഭിച്ചു. ഒരു പറ്റം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ശ്രമമാണ് മീനച്ചിൽ തോട്ടിൽ വീണ്ടും ശുദ്ധജലത്തിന്റെ പൊന്നൊഴുക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 'സുജലം ' പദ്ധതിയിൽപ്പെടുത്തിയാണ് നവീകരണം. നീരൊഴുക്ക് കുറഞ്ഞ തോട്ടിൽ ഇപ്പോൾ പോളകളും പായലും മാലിന്യവും നിറഞ്ഞിരിക്കുകയാണ്. പോളകളും, മാലിന്യങ്ങളും നീക്കം ചെയ്യുന്നതോടൊപ്പം ചെറിയ മഴയത്ത് പോലും ഉണ്ടാകുന്ന വെള്ളപ്പൊക്കം തടയുന്നതിന് കൂടി ലക്ഷ്യമിട്ടാണ് തോടിന്റെ ആഴവും വീതിയും വർദ്ധിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ് മുൻകൈ എടുത്താണ് 13 ലക്ഷം രൂപ അനുവദിച്ചത്. വെള്ളപ്പൊക്കം തടയുന്നതിനൊപ്പം ഇതിനടുത്തുള്ള ചെക്ക് ഡാമിലെ ജലനിരപ്പ് നിലനിറുത്താനും കഴിയും. തോട് നവീകരണ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ് നിർവഹിച്ചു. മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിക്കുട്ടി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.സുശീലൻ പദ്ധതി വിവരിച്ചു. പൊന്നൊഴുകും തോട് സംരക്ഷണ സമിതി കൺവീനർ ബൈജു ജേക്കബ് നന്ദി പറഞ്ഞു.

ഒരടി ആഴം വർദ്ധിപ്പിക്കും
മീനച്ചിൽ പഞ്ചായത്തിലെ 3, 4, 5, 6, 9 വാർഡുകളിലൂടെയാണ് തോട് ഒഴുകുന്നത്. ഒരടിയാണ് ആഴം വർദ്ധിപ്പിക്കുന്നത്. 7 മീറ്റർ വീതിയുണ്ടാവും. കുറ്റനാനിക്കൽ കടവ് മുതൽ മൂന്ന് കിലോമീറ്റർ ദൈർഘ്യത്തിലാണ് തോടിന്റെ ആഴം കൂട്ടി വീതി വർദ്ധിപ്പിക്കുന്നതെന്ന് മീനച്ചിൽ പഞ്ചായത്ത് സെക്രട്ടറി എം. സുശീലൻ പറഞ്ഞു.