കോട്ടയം: തുടർച്ചയായി അന്തേവാസികൾ മരിച്ച നെടുംകുന്നം ചേലക്കൊമ്പ് സഞ്ജീവനി പുനരധിവാസ കേന്ദ്രത്തിലും കുറിച്ചി ജീവൻ ജ്യോതി ആശ്രമത്തിലും കളക്ടറുടെ നിർദേശ പ്രകാരം ജില്ലാ ഡ്രഗ് ഇൻസ്‌പെക്ടർ എലിസബത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പരിശോധനാ ഫലം വന്ന ശേഷമേ കൂടുതൽ വിശദാംശങ്ങൾ പറയാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു.

സഞ്ജീവനിയിൽ നാലു പേരും ജീവൻ ജ്യോതിയിൽ രണ്ടു പേരുമാണു തുടർച്ചയായ ദിവസങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം ഡി.എം.ഒ. കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇവർക്ക് നൽകിയ മരുന്നിൽ നിന്നേറ്റ വിഷബാധയാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം സഞ്ജീവിനി പുനരധിവാസകേന്ദ്രത്തിലെ അഞ്ചു പേരെക്കൂടി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇതോടെ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം പത്തായി. ശ്വാസംമുട്ടല്‍, തളര്‍ച്ച, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളായിരുന്നു ഇവരില്‍ കണ്ടത്. രണ്ടു പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു പേരില്‍ ഒരാളുടെ നില തൃപ്തികരമാണ്. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസും ആശുപത്രി അധികൃതരും പറഞ്ഞു. എല്ലാവര്‍ക്കും ഡോക്ടര്‍ നിര്‍ദേശിച്ച ഒരേ കമ്പനിയുടെ മരുന്നുകളാണ് നല്‍കിയിരുന്നത്. മരുന്ന് കഴിച്ച ശേഷമാണ് പലര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഉണ്ടായതും. നിലവില്‍ നല്‍കിയിരുന്ന എല്ലാ മരുന്നുകളും ഉപേക്ഷിക്കാന്‍ ആരോഗ്യവകുപ്പ് സഞ്ചീവനി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറിച്ചിയിലെ ജീവന്‍ ജ്യോതിയില്‍ മരിച്ചവരും ഇതേ കമ്പനിയുടെ മരുന്നുകള്‍ തന്നെയാണ് കഴിച്ചിരുന്നതെന്നും കണ്ടെത്തി. പ്രശ്നങ്ങളെ തുടര്‍ന്ന് 40 ശതമാനം രോഗികളെയും വീടുകളിലേക്ക് അയച്ചു . കൊറോണാ ഭീതിയെ തുടര്‍ന്ന് ഒരാഴ്ചയായി ഇവിടെ പുറത്തു നിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിച്ചിരുന്നു.