ചിറ്റാനപ്പാറ : ചൂണ്ടച്ചേരിക്കാരും ചിറ്റാനപ്പാറക്കാരും വേണമെങ്കിൽ നടന്നുപൊയ്‌ക്കോട്ടെ. ഇതുവഴി ബസോടിക്കാൻ ഞങ്ങൾ തയ്യാറല്ല. പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോ അധികാരികളുടെ നിലപാടാണിത്. മുൻപ് പാലായിൽ നിന്ന് പ്രവിത്താനം വഴിയും ഭരണങ്ങാനം വഴിയും ചൂണ്ടച്ചേരിക്കും ചിറ്റാനപ്പാറക്കും ഒാരോ മണിക്കൂർ ഇടവിട്ട് ബസ് ഷട്ടിൽ സർവീസ് നടത്തിയിരുന്നു. ഏതോ കാരണത്താൽ പിന്നീടിത് നിലച്ചു. പൊറുതിമുട്ടിയ യാത്രക്കാർ പലതവണ ഡിപ്പോ അധികാരികളെ സങ്കടം ബോധിപ്പിച്ചു. ഈ റൂട്ടിൽ കളക്ഷൻ കുറവാണെന്ന് ഫയലിൽ ആരോ എഴുതിയിട്ടുവത്രെ. അതിനാൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന നിലപാടിലാണിപ്പോൾ അധികൃതർ.
ചൂണ്ടച്ചേരി എൻജിനിയറിംഗ് കോളേജ് ,കീഴമ്പാറ എസ്.എൻ.ഡി.പി ശാഖ, ചൂണ്ടച്ചേരി പള്ളി, മഠം, ചൂണ്ടച്ചേരി സ്‌കൂൾ തുടങ്ങിയ ഇടങ്ങളിലേക്കുളള യാത്രക്കാരുടെ സൗകര്യം കണക്കിലെടുക്കാത്ത കെ.എസ്.ആർ.ടി.സിയുടെ നടപടിയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നിലവിൽ ഒരു സ്വകാര്യ ബസും ഒരു കെ.എസ്.ആർ.ടി.സി ബസിന്റെ ഏതാനും സർവീസുകൾ മാത്രമാണിത് വഴിയുള്ളത്.
കൂടുതൽ ബസുകൾ അനുവദിക്കണം
പാലായിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഞാൻ എന്നും കെ എസ്.ആർ.ടി.സി ബസിലാണ് പോയി വരുന്നത്. മുൻപത്തെ പോലെ കൂടുതൽ ബസുകളില്ല എന്നതു പോട്ടെ, ഉള്ളവയാകട്ടെ പലപ്പോഴും മുടങ്ങുകയാണ്. ഇന്നലത്തെ രാവിലെ 9.30 ന് ചിറ്റാനപ്പാറ - ഭരണങ്ങാനം വഴി പാലായ്ക്കുള്ള ബസുണ്ടായിരുന്നില്ല. ഒടുവിൽ ഒട്ടോ പിടിച്ച് ഭരണങ്ങാനത്ത് വന്ന് അവിടെ നിന്നു ബസിൽ കയറി പാലായ്ക്ക് പേകേണ്ടി വന്നു. സാമ്പത്തിക നഷ്ടവും സമയ നഷ്ടവും മിച്ചം. ചിറ്റാനപ്പാറ ചൂണ്ടച്ചേരി വഴി മുമ്പത്തെ പോലെ കൂടുതൽ ബസുകളോടിക്കാൻ നടപടി സ്വീകരിക്കണം
നീതു സന്തോഷ്