കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ മുഖ്യ പ്രതി എസ്.ഐ സാബുവിന് ജാമ്യം നൽകുന്നതിനെ എതിർത്ത് സി.ബി.ഐ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കസ്റ്റഡി മരണക്കേസുകളിൽ ജാമ്യം അനുവദിക്കുന്നതിനെതിരെ സുപ്രീംകോടതി വിധിയുണ്ടെന്ന് വ്യക്തമാക്കിയാണ് റിപ്പോർട്ട് നൽകിയത്. സാബുവിന്റെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം പരിഗണിച്ച സിംഗിൾബെഞ്ച് ഇക്കാര്യത്തിൽ സി.ബി.ഐ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക തട്ടിപ്പുകേസിൽ കസ്റ്റഡിയിലെടുത്ത രാജ്കുമാർ എന്ന പ്രതി കസ്റ്റഡി മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയാണ് സാബു. നേരത്തെ ഇയാൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇതിനെതിരെ അന്വേഷണസംഘം സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഇയാളെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചു. പിന്നീട് സി.ബി.ഐ സംഘം സാബുവിനെ അറസ്റ്റ് ചെയ്തു.