കോട്ടയം: ഉംറ കഴിഞ്ഞെത്തിയ 70കാരനെയും ദുബായിൽ നിന്നെത്തിയ ഇടുക്കി സ്വദേശിനിയെയും ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതോടെ ജില്ലയിൽ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം പതിനൊന്നായി.

പത്തുപേർ മെഡി. കോളേജിലും ഒരാൾ ജില്ലാ ആശുപത്രിയിലുമാണ്. പുതിയതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.ഇന്നലെ നാലുപേരെ വീട്ടിലെ നിരീക്
ഷണത്തിൽ നിന്ന് ഒഴിവാക്കി.

അതേസമയം, രോഗബാധയുള്ള രാജ്യങ്ങളിൽനിന്ന് എത്തിയവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരും ഉൾപ്പെടെ 155 പേർകൂടി വീടുകളിൽ നിരീക്ഷണത്തിലായി.

രോഗ ബാധിതരായ കോട്ടയം സ്വദേശികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 11 പേരും ഇവരുമായി ഇടപഴകിയ 51 പേരും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലായവരുടെ എണ്ണം 1051 ആയി.

ഒൻപതു പേരുടെ സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 68 സാമ്പിളുകൾ ജില്ലയിൽ നിന്ന് അയച്ചു. ഇവയിൽ പോസിറ്റീവ് -2, നെഗറ്റീവ് -36, പരിശോധനാ ഫലം വരാനുള്ളത് -27, തള്ളിയത് 3.