ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ നഗരസഭാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ എട്ടോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഇന്നലെ രാവിലെ ആറ് മുതൽ തെള്ളകം ജംഗ്ഷൻ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കഴിക്കാൻ കയറിയ കുടുംബത്തിന് പഴകിയ ചിക്കൻ കറി വിളമ്പി എന്ന പരാതിയെ തുടർന്നാണ് നടപടി. ഇതേ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ആദാമിന്റെ ചായക്കട, കലവറ, ഐശ്വര്യ, ബേസ് റൌമ, എസ്‌കാലിബർ, മായ റസ്റ്റോറന്റ് , പി.വി.എസ്, ആർ.ആർ റസ്റ്റോറന്റ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പഴകിയ എണ്ണ, ഈന്തപ്പഴം സ്‌നാസ്‌ക്‌സ്, ചിക്കൻ, മീൻകറി, ബീഫ്, ഉഴുന്നുമാവ്, ബിരിയാണി റൈസ്, ചോറ്, നൂഡിൽസ്, തെർമോക്കോൾ പായ്ക്കറ്റിലെ ചപ്പാത്തി, വിവിധയിനം ഗ്രേവികൾ, പന്നിയിറച്ചി, പുളിശ്ശേരി, നാരങ്ങാക്കറി എന്നിവയാണ് പിടിച്ചെടുത്തത്. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.പി.മോഹൻദാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ വിനു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾക്ക് പിഴയടയ്ക്കാൻ നഗരസഭ നോട്ടീസ് നൽകി.