മുക്കൂട്ടുതറ: പ്രാർത്ഥനയ്ക്കും വിശ്രമത്തിനുമായി വ്യത്യസ്ത രീതിയിൽ മാടം നിർമ്മിച്ച് മുക്കൂട്ടുതറ സെന്റ് ആന്റണീസ് പള്ളി ഇടവകക്കാർ. പള്ളി അങ്കണത്തിൽ 66 വർഷം പഴക്കമുള്ള മാവിന്റെ മുകളിലാണ് മാടം നിർമ്മിച്ചിരിക്കുന്നത്. പ്രകാശത്തിന്റെ കാവൽമാടം എന്നാണ് കൂടാരത്തിന് പേര് നല്കിയിരിക്കുന്നത്. ബൈബിൾ വചനങ്ങൾ നല്കിയ പ്രചോദനം ഉൾക്കൊണ്ടും പ്രാർത്ഥനകൾക്ക് അല്പം ഉയർന്ന ഇടമാവണമെന്ന ആശയത്തിൽ നിന്നുമാണ് വികാരി ഫാ. അലോഷ്യസ് ജി ഫെർണാണ്ടസും ഇടവക അംഗങ്ങളും ചേർന്ന് കൂടാരം നിർമ്മിച്ചത്. കമ്പുകൾ, മുള, പനയോല എന്നിവയാണ് മാടത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഏത് പ്രായത്തിലുള്ളവർക്കും മാടത്തിൽ കയറാവുന്ന രീതിയിലാണ് ഏണിപ്പടികൾ സ്ഥാപിച്ചിരിക്കുന്നത്. മാടത്തിന്റെ ആശിർവാദം ഫാ. അലോഷ്യസ് നിർവഹിച്ചു. ജോസ് തണ്ണിപുരയ്ക്കൽ, ബാബു നെട്ടേൽ, ടി എം ജോസഫ് എന്നിവർ നിർമ്മാണത്തിന് നേത്യത്വം നല്കി.