മുക്കൂട്ടുതറ: പ്രാർത്ഥനയ്ക്കും വിശ്രമത്തിനുമായി മാവിന് മുകളിൽ കാവൽമാടം നിർമ്മിച്ച് മുക്കൂട്ടുതറ സെന്റ് ആന്റണീസ് പള്ളിയിലെ വിശ്വാസികൾ. പള്ളി അങ്കണത്തിലെ 66 വർഷം പഴക്കമുള്ള മാവിന്റെ മുകളിലാണ് മാടം നിർമ്മിച്ചിരിക്കുന്നത്. പ്രകാശത്തിന്റെ കാവൽമാടം എന്നാണ് കൂടാരത്തിന്റെ പേര്. ബൈബിൾ വചനം നല്കിയ പ്രചോദനം ഉൾക്കൊണ്ടാണ് വികാരി ഫാ. അലോഷ്യസ് ജി ഫെർണാണ്ടസും ഇടവക അംഗങ്ങളും ചേർന്ന് കൂടാരം നിർമ്മിച്ചത്. കമ്പുകൾ, മുള, പനയോല എന്നിവയാണ് കാവൽമാടത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഏത് പ്രായത്തിലുള്ളവർക്കും മാടത്തിൽ കയറാവുന്ന രീതിയിലാണ് ഏണിപ്പടികൾ സ്ഥാപിച്ചിരിക്കുന്നത്. മാടത്തിന്റെ ആശിർവാദം ഫാ. അലോഷ്യസ് നിർവഹിച്ചു. ജോസ് തണ്ണിപുരയ്ക്കൽ, ബാബു നെട്ടേൽ, ടി എം ജോസഫ് എന്നിവർ നിർമ്മാണത്തിന് നേതൃത്വം നല്കി.