കോട്ടയം: കാത്തിരിപ്പിനൊടുവിൽ നാഗമ്പടം, തിരുനക്കര ബസ് സ്റ്റാൻഡിൽ നവീകരണ ജോലികൾ ആരംഭിച്ചു. 45 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ നവീകരണം നടത്തുന്നത്. നഗരത്തിൽ ഏറ്റവുമധികം ആളുകളെത്തുന്ന പ്രധാന ബസ് സ്റ്റാൻഡുകളുടെ ശോചനീയവസ്ഥ സംബന്ധിച്ച് നിരവധി പരാതികളുയർന്നിരുന്നു. നവീകരണ പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്റ്റാൻഡിന്റെ ചുമരാകെ പോസ്റ്ററുകൾ നിലവിൽ വൃത്തിഹീനമാണ്. പോസ്റ്ററുകളും മറ്റും നീക്കം ചെയ്ത ശേഷം പെയിന്റിംഗ് ജോലികൾ ആരംഭിക്കും. ശേഷം ഇവിടെ പോസ്റ്ററുകൾ പതിക്കരുതെന്ന അറിയിപ്പ് എഴുതാനും കരാറുകാർക്ക് നിർദ്ദേശമുണ്ട്. തറയിൽ പതിച്ചിരുന്ന ടൈലുകൾ ഇളകിയ നിലയിലാണ്. യാത്രക്കാർ കാൽ തട്ടി വീണ് അപകടം ഉണ്ടാകുന്ന സംഭവങ്ങളും നിരവധിയാണ്. ഇത്തരത്തിൽ പൊട്ടിപൊളിഞ്ഞ ടൈലുകൾ മാറ്റി പുതിയവ സ്ഥാപിക്കും. രണ്ടാഴ്ചക്കകം മുഴുവൻ ജോലികളും പൂർത്തിയാക്കാൻ കഴിയുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.

നാഗമ്പടത്തിന് 35 ലക്ഷം

നാഗമ്പടത്തിനു 35 ലക്ഷം രൂപയും തിരുനക്കരയ്ക്ക് 8 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണത്തിനായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. ശോചനീയാവസ്ഥയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നവീകരണം നടത്താനായി ഇപ്പോഴാണ് അധികൃതർ തീരുമാനിച്ചത്. സ്റ്റാൻഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സി.സി.ടി.വി കാമറകൾ സ്ഥപിക്കണമെന്നും ബസ് ജീവനക്കാരും യാത്രക്കാരും വ്യാപാരികളും ആവശ്യം ഉയർത്തുന്നു.