കോട്ടയം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി യുവജന സംഘടനകൾക്കു ഹാൻഡ് വാഷ് ചലഞ്ചുമായി യൂത്ത് കോൺഗ്രസ്. നഗരത്തിലെ നാലിടത്ത് സാനിറ്റൈസറും വെള്ളവും വച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിയുടെ നേതൃത്വത്തിൽ യുവജന സംഘടനകൾക്കു ഹാൻഡ് വാഷ് ചലഞ്ച് നൽകിയത്. ഡി.വൈ.എഫ്.ഐയും, യുവമോർച്ചയും, യൂത്ത് ഫ്രണ്ടും അടക്കമുളള യുവജന സംഘടനകളെ ചലഞ്ച് ഏറ്റെടുക്കാൻ ക്ഷണിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് ഹാൻഡ് വാഷ് ഏർപ്പെടുത്തിയത്. കോട്ടയം ഗാന്ധിസ്‌ക്വയർ , കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് , ജില്ലാ ജനറൽ ആശുപത്രി , നാഗമ്പടം ബസ് സ്റ്റാൻഡ്, കളക്ടറേറ്റ് എന്നിവിടങ്ങളിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശുചീകരണത്തിനായി ക്രമീകരണം ഒരുക്കിയത്. കോൺഗ്രസ് നേതാവ് എസ്. ഗോപകുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ നാട്ടകം, അനൂപ് അബൂബക്കർ, ജിഷ്ണു ജെ. ഗോവിന്ദ് എന്നിവർ പങ്കെടുത്തു.