പാലാ: നഗരസഭാ സ്റ്റേഡിയം കോംപ്ലക്‌സിലെ നീന്തൽ കുളം ഉടൻ തുറന്നുകൊടുക്കുമെന്ന് ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക് പറഞ്ഞു.
കുളം കരാറെടുത്ത പ്രമുഖ നീന്തൽ കോച്ചുമാരായ തോപ്പന്മാർ പറഞ്ഞ നിർദ്ദേശങ്ങളൊക്കെ പാലിച്ചു കൊണ്ടാവും തുറന്നുകൊടുക്കുകയെന്നും ചെയർപേഴ്‌സൺ വിശദീകരിച്ചു. 'നീന്തൽകുളത്തിന് ഇന്ന് ഒന്നാം ചരമവാർഷികം" എന്ന തലക്കെട്ടിൽ കുളത്തിന്റെ പ്രവർത്തനം നിലച്ചതിനെപ്പറ്റിയും, ഇക്കാര്യത്തിൽ കരാറുകാരായ തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിക്കുള്ള എതിർപ്പിനെപ്പറ്റിയും ഇന്നലെ 'കേരള കൗമുദി" റിപ്പോർട്ടു ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇക്കാര്യത്തിൽ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക് നേരിട്ടിടപെടുകയും പ്രശ്‌ന പരിഹാരശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തത്.
'' തോപ്പൻമാർ നിർദ്ദേശിച്ചതനുസരിച്ച് ബാത്ത് റൂമും, നീന്തൽക്കാർക്ക് വേഷം മാറ്റാനുള്ള റൂമും ക്രമീകരിച്ചിട്ടുണ്ട്. ഈ വിഷയം ചർച്ച ചെയ്യാൻ തിങ്കളാഴ്ച അടിയന്തിര കൗൺസിൽ യോഗവും വിളിച്ചിട്ടുണ്ട്. കൗൺസിലിന്റെ അംഗീകാരത്തോടു കൂടി എത്രയും വേഗം നീന്തൽ കുളം തുറന്നുകൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. കെ.എം. മാണി സാർ കൊണ്ടു വന്ന ബൃഹത്തായ ഈ പദ്ധതിയെ പാലാ നഗരസഭ എല്ലാ വിധ ആദരവോടും കൂടിയാണ് നോക്കിക്കാണുന്നത്. ഇക്കാര്യത്തിൽ തുടർന്നും ഒരു അനാസ്ഥയുമുണ്ടാകില്ല."" മേരി ഡൊമിനിക്ക് പറഞ്ഞു.