
ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിലുള്ള കൊയ്യാറായ കോമങ്കേരിച്ചിറ എത്ത്യാകേരി പാടശേഖരത്തിൽ സാമൂഹ്യ വിരുദ്ധര്‍ അറവ് മാലിന്യം തള്ളിയതായി പരാതി. 10 ദിവസത്തിനുള്ളിൽ കൊയ്യാനിരുന്ന ഇവിടെ ഇന്നലെ രാത്രിയിൽ വാഹനത്തിൽ എത്തിയവരാണ് മാലിന്യം തള്ളിയതെന്ന് പ്രദേശവാസികൾ പറയുന്നു. നെല്ല് കൊയ്തശേഷം ശേഖരിക്കുന്ന കളത്തിലാണ് മാലിന്യം തള്ളിയത്. ഇവിടെ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നതിനാൽ നാട്ടുകാരും ദുരിതത്തിലാണ്. ഇത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ കാരണമാകുമോയെന്നും അവർ ആശങ്കപ്പെടുന്നു. ജെ.സി.ബി ഉപയോഗിച്ച് സമീപ ഭാഗത്ത് വലിയ കുഴിയെടുത്ത് മാലിന്യം മറവ് ചെയ്യാനാണ് കൃഷിക്കാരുടെ തീരുമാനം. കോമങ്കേരിച്ചിറ അംബ്ദേകർ കോളനിക്ക് സമീപമായി നെല്ല് കരയ്‌ക്കെത്തിക്കാനായി നിർമ്മിച്ച കളത്തിൽ ഇറച്ചി മാലിന്യങ്ങൾ, മത്സ്യാവശിഷ്ടങ്ങൾ, കോഴിയുടെ അവശിഷ്ടങ്ങൾ, താറാവ് മാലിന്യങ്ങൾ എന്നിവയാണ് തള്ളിയിരിക്കുന്നത്. 168 ഏക്കറിലായി പരന്നുകിടക്കുന്ന എത്ത്യാകേരി പാടശേഖരത്തിന്റെ 10 ഏക്കർ വരുന്ന ടോമി തോമസ് ചീരംവേലിയുടെ പാടശേഖരത്തിലാണ് മാലിന്യം നിക്ഷേപിച്ചത്. ചങ്ങനാശേരി പൊലീസിലും പായിപ്പാട് പഞ്ചായത്തിലും കർഷകർ പരാതി നൽകി. പൊലീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലം പരിശോധിച്ചു. സമീപത്തെ സി.സി.ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
മാലിന്യനിക്ഷേപം ഇതാദ്യമല്ല...
മുമ്പും വാഹനങ്ങളിൽ എത്തി മാലിന്യങ്ങൾ ഇവിടെ തള്ളിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിനെതിരെ നാട്ടുകാർ രാത്രികാലങ്ങളിൽ ഇവിടെ കാവൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കൃഷിക്കാലമായതിനാൽ രാത്രികാലങ്ങളിൽ പ്രദേശം വിജനമായതോടെ മാലിന്യങ്ങൾ വീണ്ടും തള്ളുന്നത് പതിവായി. വിശാലമായ പാടശേഖരമായതിനാലും ഇവിടെ വഴിവിളക്കുകൾ ഇല്ലാത്തതും മാലിന്യം നിക്ഷേപിക്കാൻ എത്തുന്നവർക്ക് സഹായകമായി.
അറസ്റ്റ് ചെയ്യണം
പാടശേഖരത്തിൽ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാണ് പാടശേഖര സമിതിയുടെ ആവശ്യം.കുടിവെള്ളം പോലും മലിനമാക്കുന്ന നിലയിൽ മാലിന്യം നിക്ഷേപിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധരെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്ന് സി.പി.എം വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.എ. നിസാറും ആവശ്യപ്പെട്ടു. സാമൂഹ്യവിരുദ്ധരെ കണ്ടെത്താൻ രാത്രികാലങ്ങളിൽ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ കാവൽ ഏർപ്പെടുത്താനും തീരുമാനമായി.