വൈക്കം : ക്രഷർ ഉത്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ ചരക്ക് വാഹന തൊഴിലാളി യൂണിയൻ സി.ഐ.ടി.യു പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. സാമ്പത്തിക വർഷത്തിന്റെ അവസാനം മുന്നിൽ കണ്ട് ക്രഷർ ഉടമകൾ ഏകപക്ഷീയമായി എംസാന്റ്, മെറ്റൽ തുടങ്ങിയ ക്രഷർ ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചിരിക്കുകയാണ്. ഒരു അടിക്ക് 4 രൂപാ മുകളിലാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്. ജനുവരി അവസാനത്തോട് കൂടിയാണ് വില വർദ്ധിപ്പിച്ചത്. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് വില വർദ്ധന. സർക്കാർ സഹായത്തോടെയുള്ള ഭവന നിർമ്മാണം , പ്രളയപുനർനിർമ്മാണം, പൊതുമരാമത്ത് പ്രവൃത്തികൾ എന്നിവയെല്ലാം ഇക്കാരണം മൂലം പ്രതിസന്ധിയിലാണ്. വില വർദ്ധനവ് വരുത്തിയപ്പോൾ ചരക്ക് വാഹന തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. മുളക്കുളം, ഞീഴൂർ, ഇലഞ്ഞി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ക്രഷറുകൾക്ക് നോട്ടീസ് നൽകി. മൂന്ന് തവണ നടന്ന ചർച്ചകളിൽ വർദ്ധിപ്പിച്ച വില പിൻവലിക്കുവാൻ ക്രഷറുടമകൾ തയ്യാറായില്ല. അതിനാൽ യൂണിയന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം മുതൽ തൊഴിലാളികൾ ബഹിഷ്ക്കരണ സമരം ആരംഭിച്ചു. സമരം ഇത്രയും ദിവസം പിന്നിട്ടിട്ടും ഉടമകൾ വില വർദ്ധനവ് പിൻവലിക്കാൻ കഴിയില്ലാ എന്ന ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നത്. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ അവലോകനസമിതിയുടെ തീരുമാനങ്ങൾക്കനുസരിച്ച് മാത്രമെ കരിങ്കല്ല് ഉല്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ കഴിയൂ എന്ന ഉത്തരവ് നിലനിൽക്കുമ്പോഴാണ് ക്രഷർ ഉടമകളുടെ ഏകപക്ഷീയ നടപടികൾ. അതിനാൽ ചരക്ക് വാഹന തൊഴിലാളി യൂണിയൻ സിഐടിയു വിന്റെ നേതൃത്വത്തിൽ മാർച്ച് 16 മുതൽ ക്രഷറുകളുടെ മുന്നിൽ സത്യാഗ്രഹ സമരം ആരംഭിക്കുമെന്നും വർദ്ധിപ്പിച്ച വില പിൻവലിക്കുന്നത് വരെ ശക്തമായ സമരപരിപാടികൾ തുടരുമെന്നും യൂണിയൻ തലയോലപ്പറമ്പ് ഏരിയാ പ്രസിഡന്റ് വി.ടി.പ്രതാപനും, സെക്രട്ടറി എ.കെ.രജീഷും അറിയിച്ചു.