ചങ്ങനാശേരി : നെടുകുന്നം ചേലക്കൊമ്പ് സഞ്ജീവനി പുനരധിവാസ കേന്ദ്രത്തിൽ നിന്ന് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാൾ കൂടി മരിച്ചു. പുതുപ്പള്ളി തലപ്പാടി താഴത്തേക്കുറ്റ് മാത്യു സ്‌കറിയ (55) ആണ് മരിച്ചത്. ഇതോടെ അഞ്ച് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 8 പേരിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. തളർച്ചയും ശ്വാസംമുട്ടലിനെയും തുടർന്ന് വ്യാഴാഴ്ച വൈകിട്ടാണ് മാത്യുവിനെ ആശുപത്രിയിലാക്കിയത്. ആലപ്പുഴ എടത്വാ ചിറയിൽവീട്ടിൽ ഉഷാ ജോസഫ് (61), അതിരമ്പുഴ മാണാട്ട് ജോയിമോൾ (50), ചീരംചിറ സ്വദേശി ശോഭന (55), 15-ാംമൈൽ ഇളങ്ങുളം ഈരൂരിക്കൽ ബാബു ജോസഫ് (48) എന്നിവരാണ് നേരത്തെ മരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമെ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മാത്യുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സമാന രീതിയിൽ കുറിച്ചി മലകുന്നം ജീവൻ ജ്യോതി പുനരധിവാസ കേന്ദ്രത്തിൽ മരിച്ച ക്ലാരമ്മയുടെ (67) സംസ്‌കാരം കുറിച്ചി സെന്റ് ജോസഫ് ദേവാലയത്തിൽ നടന്നു. ഇവിടെ കഴിഞ്ഞ ദിവസങ്ങളിലായി മൂന്നുപേരാണ് മരിച്ചത്. പുഷ്പഗിരി മെഡിക്കൽ കോളേജിൽ കഴിയുന്ന ജീവൻജ്യോതിയിലെ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.