പാലാ: കൊറോണ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാത്തരം വായ്പകൾക്കും മൂന്നു മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കാനും ജപ്തി നടപടികൾ നിറുത്തിവയ്ക്കാനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മാണി സി. കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന് എം.എൽ.എ കത്തയച്ചു.

സമസ്തമേഖലകളും നിശ്ചലമാണെന്ന് മാണി സി. കാപ്പൻ ചൂണ്ടിക്കാട്ടി. അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളജുകൾ വരെ അടഞ്ഞുകിടക്കുകയാണ്. തട്ടുകടകൾ മുതൽ സ്റ്റാർ ഹോട്ടലുകൾ വരെ പ്രതിസന്ധിയിലായി. ആളുകൾ ആഘോഷങ്ങളെല്ലാം ഒഴിവാക്കി. കച്ചവടം നടക്കുന്നില്ല. കാർഷിക മേഖലയും നിശ്ചലമാണ്. ഈ സാഹചര്യത്തിൽ ജനത്തിന് ആശ്വാസം പകരാൻ അടിയന്തിരമായി മോറോട്ടോറിയം ഏർപ്പെടുത്തണമെന്നാണ് എം.എൽ.എയുടെ ആവശ്യം.