hindu

കോട്ടയം: കൊറോണ ഭീതിയുടെ പശ്‌ചാത്തലത്തിൽ ക്ഷേത്ര മതിൽക്കകത്ത് നൂറ്റാണ്ടുകളായി നടന്നു വരുന്ന താന്ത്രിക ചടങ്ങുകൾ ഒഴിവാക്കാനുള്ള ദേവസ്വം അധികൃതരുടെ നടപടിയെ ഭക്തജനങ്ങൾ അംഗീകരിക്കില്ലെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി നട്ടാശേരി രാജേഷ്. ക്ഷേത്ര കൊടിമര ചുവട്ടിൽ ഉള്ള പറ വഴിപാട്, എഴുന്നള്ളിപ്പ്, ഉത്സവബലി എന്നീ ചടങ്ങുകൾ മുടക്കുന്നത് ദേശത്തിനു തന്നെ ദോഷം ചെയ്യും. ദേവസ്വം അധികൃതരുടെ ഏക പക്ഷീയമായ ഈ തീരുമാനം പിൻവലിച്ച് ശ്രീബലിയും, ഉത്സവബലിയും പറ വഴിപാടും, അമ്പലക്കടവിലേക്കുള്ള ആറാട്ട് എഴുന്നള്ളിപ്പും നടത്തി ക്ഷേത്രാചാരാ അനുഷ്ഠാനങ്ങളുടെ കീഴ്വഴക്കം പാലിക്കാൻ ദേവസ്വം അധികാരികൾ തയ്യാറാകണമെന്നും ഇല്ലെങ്കിൽ, ഭക്തജനങ്ങൾ സംഘടിച്ച് ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുമെന്നും ഹിന്ദു ഐക്യവേദി മുന്നറിയിപ്പു നൽകി. ഈ കാര്യം കാണിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അസി.കമ്മീഷണർ, ദേവസ്വം കമ്മീഷണർ, ദേവസ്വം ബോർഡ് പ്രസിഡന്റ് എന്നിവർക്ക് നിവേദനം നൽകി.ഹിന്ദു ഐക്യവേദി ജില്ല ജന.സെക്രട്ടറി നട്ടാശേരി രാജേഷ്, താലൂക്ക് പ്രസിഡന്റ് ശങ്കർ സ്വാമി, വൈസ് പ്രസിഡൻറ് സി. കൃഷ്ണകുമാർ, ആർ.എസ്.എസ്.ജില്ലാ സേവാപ്രമുഖ് മധു മുട്ടമ്പലം, ആർ.സുമേഷ്, ഉപദേശക സമിതി മുൻ പ്രസിഡന്റ് ജയൻ തടത്തുംകുഴി എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.