bone-
കണ്ടെടുത്ത അസ്ഥി


അടിമാലി: ആനവിരട്ടി ആശ്രമംപടിയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഏതാനും അസ്ഥിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.
അടിമാലി ആനവിരട്ടി സ്വദേശി ഹാരിസ് ജോർജ്ജിന്റെ കൃഷിയിടത്തിലായിരുന്നു അവശിഷ്ടങ്ങൾ കണ്ടെത്തിയത്.കൃഷിയിടം നനയ്ക്കുന്നതിനിടയിൽ പുരയിടത്തിൽ കിടന്നിരുന്ന അസ്ഥിയുടെ ഭാഗം തന്റെ ശ്രദ്ധയിൽപ്പെട്ടുവെന്നും ഉടൻ തന്നെ വിവരം അടിമാലി പൊലീസിൽ അറിയിച്ചതായും സ്ഥലമുടമ ഹാരിസ് ജോർജ്ജ് പറഞ്ഞു.സംഭവത്തെ തുടർന്ന് അടിമാലി സിഐ അനിൽജോർജ്ജ്,എസ് ഐ എസ് ശിവലാൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അസ്ഥിയുടെ ഭാഗങ്ങൾ ശേഖരിച്ചു.ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി . കണ്ടെത്തിയ അസ്ഥിയുടെ ഭാഗങ്ങൾ വിദഗ്ധപരിശോധനക്കയക്കുമെന്നും അസ്ഥി മനുഷ്യന്റേതാണോ മൃഗത്തിന്റേതാണോയെന്ന് സ്ഥിരീകരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ അനിൽ ജോർജ്ജ് പറഞ്ഞു.2018ൽ പ്രദേശത്തുനിന്നും ഒരു പെൺകുട്ടിയെ കാണാതായത് സംബന്ധിച്ച പരാതി അടിമാലി സ്റ്റേഷനിൽ ഫയൽചെയ്തിട്ടുണ്ട്.അസ്ഥിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറക്കുമാത്രമെ ഇരു കേസുകളും തമ്മിൽ എന്തെങ്കിലും ബന്ധമണ്ടോയെന്ന് പറയാനാകുവെന്നും അടിമാലി പൊലീസ് വ്യക്തമാക്കി.