കോട്ടയം : കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ വീടുകൾ തോറുമുള്ള ബോധവത്കരണം ഉൾപ്പെടെയുള്ള സമഗ്രതീവ്രയജ്ഞം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. മന്ത്രി പി. തിലോത്തമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. വിദേശത്ത് നിന്നെത്തുന്നവർ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം വീടുകളിൽ കഴിയുന്നവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നില്ലെന്നും ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും.
രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ വിശദമാക്കുന്ന ലഘുലേഖകൾ അടിന്തരമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ എത്തിക്കും. പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ബ്ലോക്ക് തലത്തിൽ എം.എൽ.എമാരുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. നാളെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രസിഡന്റുമാരുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് പ്രാദേശിക പ്രതിരോധ ബോധവത്കരണ പരിപാടികളുടെ രൂപരേഖ തയ്യാറാക്കും. വാർഡ് തല പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഏകോപിപ്പിക്കും.
16 സാമ്പിളുകളുകൾ നെഗറ്റീവ്
ജില്ലയിൽനിന്ന് അയച്ച 16 സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്നലെ ലഭിച്ചു. ഒരു സാമ്പിളിലും വൈറസ് ബാധ കണ്ടെത്തിയിട്ടില്ല. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന തൊടുപുഴ സ്വദേശി ലിനോയെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡിസ്ചാർജ്ജ് ചെയ്തു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നതിനാൽ പിതാവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ലിനോയ്ക്ക് കഴിഞ്ഞിരുന്നില്ല. ലിനോ ഹോം ക്വാറന്റയിനിൽ തുടരും. ഇന്നലെ എട്ട് സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ദുബായിൽനിന്നെത്തിയ തൃശൂർ സ്വദേശിയായ യുവാവിനെ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവിൽ 11 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്.
വീടുകളിൽ 1107 പേർ
രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്ന് എത്തിയവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരും ഉൾപ്പെടെ 56 പേർക്ക് കൂടി ഹോം ക്വാറന്റയിൻ നിർദ്ദേശിച്ചു. ഇതോടെ വീടുകളിൽ കഴിയുന്നവരുടെ എണ്ണം 1107 ആയി. രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോട്ടയം സ്വദേശികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ (പ്രൈമറി കോൺടാക്ട്‌സ്) 15 പേരെയും ഇവരുമായി ഇടപഴകിയ 30 പേരെയും കണ്ടെത്തിയിട്ടുണ്ട്. കോട്ടയത്തും എറണാകുളത്തും രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകളായി 127 പേരെയും സെക്കൻഡറി കോൺടാക്ടുകളായി 457 പേരെയുമാണ് ജില്ലയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ യാത്രയുമായി ബന്ധപ്പെട്ട ചാർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് കോൾ സെന്ററിലേക്ക് ഇതുവരെ 53 പേരാണ് വിളിച്ചത്.
ഹോം ക്വാറന്റയിൻ പരിശോധിക്കാൻ വോളണ്ടിയർമാർ
ആശുപത്രികളിൽ ഐസോലേഷനിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങളുടെയും വീടുകളിൽ ജനസമ്പർക്കമില്ലാതെ താമസിക്കുന്നവരുടെയും ആവശ്യങ്ങൾ അറിഞ്ഞ് സഹായം ലഭ്യമാക്കുന്നതിന് പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കും. ഹോം ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർ ഇതു സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഓരോ വീടിനും ഓരോ വോളണ്ടിയറെ ചുമതലപ്പെടുത്തും.
ഹെൽപ്പ് ഡെസ്‌ക് തുടങ്ങി
കോട്ടയം റെയിൽവേ സ്റ്റേഷനിൽ കൊറോണ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു. പ്രധാന ബസ് സ്റ്റാൻഡുകളിൽ ഇന്ന് ഹെൽപ്പ് ഡെസ്‌ക് തുറക്കും. ട്രെയിൻ യാത്രക്കാർക്ക് ബോധവത്കരണം നൽകുന്നതിനൊപ്പം പരിശോധന നടത്തി രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ആശുപത്രികളിലെത്തിക്കും.
ഐസൊലേഷൻ ഹോസ്റ്റലുകൾ പരിഗണനയിൽ
വിദേശത്തു നിന്ന് വന്നവരും രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളും ഉൾപ്പെടെയുള്ളവരിൽ പലർക്കും വീടുകളിൽ പൊതുസമ്പർക്കമൊഴിവാക്കി താമസിക്കുന്നതിനുള്ള അസൗകര്യം കണക്കിലെടുത്ത് ഐസൊലേഷൻ ഹോസ്റ്റലുകൾ സജ്ജീകരിക്കുന്നത് പരിഗണിക്കും. ഇതിനുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കുടുംബശ്രീ മാസ്‌കുകൾ ലഭ്യമാക്കും
മാസ്‌കുകൾക്ക് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ തുണി മാസ്‌കുകൾ നിർമ്മിച്ച് നൽകുന്നതിന് കുടുംബശ്രീ യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി.
ടെലി കൺസൾട്ടേഷൻ
ഹോം ക്വാറന്റയിനിൽ കഴിയുന്നവർക്ക് അവശ്യ സന്ദർഭങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുമായി സമ്പർക്കം പുലർത്തുന്നതിന് ടെലി കൺസൾട്ടേഷൻ സംവിധാനം ഏർപ്പെടുത്തി. നമ്പർ : 7034322777.
നിർദ്ദേശങ്ങൾ പാലിക്കണം : മന്ത്രി
രോഗപ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി നടപ്പാക്കുന്നതിനും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേസ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന് മന്ത്രി പി. തിലോത്തമൻ നിർദ്ദേശിച്ചു. ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പരത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിലവിലെ പ്രതിസന്ധി നേരിടുന്നതിന് സംസ്ഥാന സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ പൂർണമായും അംഗീകരിക്കുമെന്നും മറ്റ് ജനപ്രതിനിധികൾ അറിയിച്ചു.