ഏഴാച്ചേരി: മീനച്ചിൽ പഞ്ചായത്തിലെ പൊന്നൊഴുകും തോട്ടിൽ നടപ്പാക്കുന്ന 'സുജലം ' പദ്ധതിയെക്കുറിച്ച് അറിഞ്ഞപ്പോൾ ഏഴാച്ചേരി വല്യ തോടിനും വല്ലാത്തൊരാഗ്രഹം ; എന്റെ സിരകളിലൂടെയും തെളിനീരൊഴുക്കാൻ ഇങ്ങനെയൊരു പദ്ധതി ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കിൽ!
ഏഴാച്ചേരി ഗ്രാമത്തിന്റെ മാത്രമല്ല, അന്ത്യാളവും , കരൂരും കടന്ന് വലിയൊരു നാടിന്റെ മണ്ണിനും മനസ്സിനും കുളിരേകുന്നത് വല്യതോടാണ്; നൂറ്റാണ്ടുകളായി തുടരുന്ന സ്‌നേഹപ്രവാഹം.

'ആറ്റിൽ കളഞ്ഞാലും അളന്ന് കളയണമെന്ന" പഴമൊഴി മറന്ന ജനത വല്യ തോട്ടിലേക്ക് എറിയാത്തതൊന്നുമില്ല. വല്യ തോടിപ്പോൾ മാലിന്യക്കൂമ്പാരത്തിന്റെ ഭാരം താങ്ങാനാവാതെ കിതയ്ക്കുകയാണ്. എന്നെങ്കിലും തനിക്കൊരു പുനർജ്ജനി ഉണ്ടായെങ്കിൽ എന്നാശിക്കുകയാണ് മനുഷ്യ തലമുറകളെയും പക്ഷി മൃഗാദികളെയും ഒരുപാട് കാലം വെള്ളം ചുരത്തിക്കൊടുത്തു വളർത്തിയ ഈ മുത്തശ്ശി.

മീനച്ചിൽ താലൂക്കിലെ വീതിയും നീളവും ഏറ്റവും കൂടിയ തോടാണ് വല്യ തോട് അഥവാ ളാലം തോട്. രാമപുരത്തേയും കടനാട്ടിലെയും മലനിരകളിൽ നിന്നുത്ഭവിച്ച് വിവിധ കൈത്തോടുകൾ ചേർന്നൊഴുകി പാലായിൽ മീനച്ചിലാറ്റിലേക്ക് ഒഴുകിയിറങ്ങി ഓട്ടം പൂർത്തിയാക്കുന്ന വല്യ തോടിനെ സംരക്ഷിക്കാൻ ഇതേ വരെ ഒരു പദ്ധതിയും ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. നദീ പുനർജ്ജനിക്കാരുടെ പാദമുദ്രയും വല്യ തോടിൻ തീരത്ത് പതിഞ്ഞിട്ടില്ല.

ഇതിനിടെയാണ് മീനച്ചിൽ പഞ്ചായത്തിലെ പൊന്നൊഴുകും തോട് പുനർജനിക്കായി ജില്ലാ പഞ്ചായത്തിൽ നിന്നും 13 ലക്ഷം രൂപ ഉപയോഗിച്ചുള്ള തോട് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ വാർത്തയെത്തിയത്. ഈ പദ്ധതിയുടെ അമരക്കാരിൽ ഒരാളായ മീനച്ചിൽ പഞ്ചായത്ത് സെക്രട്ടറി എം. സുശീൽ ആകട്ടെ ഏഴാച്ചേരി വല്യ തോടിനോടു ചേർന്ന വീട്ടിലെ താമസക്കാരനും. സ്വന്തം നാട്ടിലെ തോടും 'സുജലം" പദ്ധതിയിലൂടെ പുനരുദ്ധരിക്കണമെന്ന ആഗ്രഹവുമായി സുശീൽ , ജില്ലാ പഞ്ചായത്ത് മെമ്പർ അനിതാ രാജുവിനെ സമീപിച്ചു. നാട്ടുകാർ കൂട്ടമായെടുത്ത നിർദ്ദേശമുണ്ടെങ്കിൽ തീർച്ചയായും തുക അനുവദിപ്പിക്കാമെന്നായി ജില്ലാ പഞ്ചായത്ത് മെമ്പർ.
തെളിനീരൊഴുക്ക് മുട്ടി പുഴയേത് കരയേത് എന്നറിയാതെ ഊർധ്വൻ വലിക്കുന്ന വല്യ തോടിനെ 'സുജലം' കൊണ്ട് അഭിഷേകം നടത്തി ഉണർത്തെണീൽപ്പിക്കാൻ കാത്തിരിക്കുകയാണ് വലിയൊരു ജനത.

 ഒപ്പ് ശേഖരണവുമായി നാഷണൽ ലൈബ്രറി

വല്യ തോട്ടിൽ സുജലം പദ്ധതി നടപ്പാക്കണമെന്ന നിവേദനം തയ്യാറാക്കി ജില്ലാ പഞ്ചായത്തിന് സമർപ്പിക്കാനൊരുങ്ങുകയാണ് ഏഴാച്ചേരി നാഷണൽ ലൈബ്രറി ഭാരവാഹികളും, ശാസ്ത്രസാഹിത്യ പരിഷത്ത് ഏഴാച്ചേരി യൂണിറ്റംഗങ്ങളും .ഇതിനായി ലൈബ്രറിയിൽ പൊതുജനങ്ങളുടെ ഒപ്പ് ശേഖരിക്കുന്നതിന് ക്രമീകരണം ചെയ്യുന്നതിനൊപ്പം വീടുകളിൽ ചെന്നും ഒപ്പുകൾ ശേഖരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ജില്ലാ പഞ്ചായത്ത് മെമ്പർക്ക് കൈമാറുമെന്ന് ഭാരവാഹികളായ സനൽകുമാർ ചീങ്കല്ലേൽ, അഡ്വ.വി.ജി. വേണുഗോപാൽ, ജലജ വേണുഗോപാൽ എന്നിവർ പറഞ്ഞു. ''പദ്ധതിയുടെ ആദ്യ ഘട്ടമായി മരങ്ങാട് മുക്കൂറ്റി കയം മുതൽ ചിറ്റേട്ട് പാലത്തിനു താഴെ വരെയുള്ള 4 കിലോമീറ്റർ ദൂരമെങ്കിലും മാലിന്യം നീക്കി, മണ്ണ് കോരി മാറ്റി തോടിന് ആഴവും പരപ്പുമുണ്ടാക്കേണ്ടതുണ്ട്. ഇതിന് 25 ലക്ഷം രൂപയെങ്കിലും വേണ്ടി വന്നേക്കാം..."" വല്യ തോട്ടിൽ സുജലം പദ്ധതിക്കായി മുന്നിട്ടിറങ്ങിയ എം. സുശീൽ പറയുന്നു.