കോട്ടയം: നഗരത്തിലേയ്‌ക്കു കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പുലൈനുകളിൽ ഒന്നായ ഇറഞ്ഞാൽ പൊൻപള്ളി റോഡിൽ പൊട്ടിയതോടെ ഇന്ന് കോട്ടയം നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങും. പൂവത്തുമ്മൂട്ടിൽ നിന്നും കോട്ടയം നഗരത്തിലെ ഓവർഹെഡ് ടാങ്കിലേയ്‌ക്കു വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനുകളിൽ ഒന്നാണ് പൊട്ടിയത്.
ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് പൈപ്പ് പൊട്ടിയത്. മൂന്നു പൈപ്പ് ലൈനുകളാണ് കോട്ടയത്തേയ്‌ക്കു വെള്ളം എത്തിക്കുന്നത്. ഈ പൈപ്പുകളിൽ ഒന്നാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ ഈ റോഡും പൂർണമായും തകർന്നു. റോഡിന്റെ ഒരു ഭാഗം തകർന്ന് വെള്ളം പുറത്തേയ്‌ക്ക് ഒഴുകുകയാണ്. ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്‌ത റോഡാണ് പൊട്ടിത്തകർന്നിരിക്കുന്നത്. മൂന്ന് പൈപ്പ് ലൈനുകളിലൂടെയും വെള്ളം കടത്തി വിട്ടെങ്കിൽ മാത്രമേ പൂർണതോതിൽ നഗരത്തിൽ വെള്ളം എത്തിക്കാൻ സാധിക്കൂ. പൊട്ടിയ പൈപ്പ് ലൈൻ ഓഫ് ചെയ്യുന്നതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് മൂന്നു മണിക്കൂറോളം നഗരത്തിലേയ്‌ക്കുള്ള ജല വിതരണം നിറുത്തി വച്ചിരുന്നു. ഇനി ബാക്കിയുള്ള രണ്ടു പൈപ്പ് ലൈനുകളിലൂടെ വേണം വെള്ളം കടത്തി വിടാൻ. ഇത്തരത്തിൽ രണ്ടു പൈപ്പുകളിലൂടെ മാത്രം വെള്ളം കടത്തി വിടുന്നതോടെ നഗരത്തിലേയ്‌ക്കുള്ള കുടിവെള്ള വിതരണം തടസപ്പെടും. ഇന്ന് ഉച്ചയോടെ മാത്രമേ പൈപ്പിന്റെ തകരാർ പരിഹരിക്കാൻ സാധിക്കൂ.